തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണമുന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍. എംഎല്‍എ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. എക്സാലോജിക് കന്പനിയുമായി ബന്ധപ്പെട്ട ആരോപണം സഭയിൽ ഉന്നയിക്കാൻ ശ്രമിക്കുന്പോഴാണ് സ്പീക്കർ ഇടപെട്ടത്.
വ്യക്തമായ രേഖകളില്ലാതെ ആരോപണം ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സഭയില്‍ ബജറ്റ് ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം. ആരോപണം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട് മാത്യു നേരത്തേ നല്കിയ രേഖകള്‍ തൃപ്തികരമല്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. നേരത്തേ എക്സാലോജിക്കുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിനും സഭാചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയില്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം.