ആറന്മുള എയര്പോര്ട്ടിനെതിരായി സമരരംഗത്ത് നില ഉറപ്പിച്ചിരിക്കുന്ന സമര സേനാനികള്‍ക്ക് ഊര്‍ജം പകര്‍ന്ന് വിജിലന്‍സ് അന്വേഷണവും വന്നിരിക്കുന്നു. ആറന്മുള എയര്‍പോര്‍ട്ട് പ്രോജക്ട് എംഡി നന്ദകുമാറിനെതിരെയും കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ ആറന്മുള വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമെതിരെയാണ് വിജിലന്‍സ് അന്വേഷണം.
ആറന്മുളയിലെ പരിസരവാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എയര്‍പോര്‍ട്ട് പദ്ധതിയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നും ചട്ട വിരുദ്ധമായി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടോ എന്നും വിജിലന്‍സിന്റെ അന്വേഷണ പരിധിക്കുള്ളില്‍ കൊണ്ടു വരുന്നത്. അന്വേഷണം നടക്കട്ടെ സത്യം എല്ലാവരും അറിയട്ടെ. കെജിഎസ് ഗ്രൂപ്പിനോ ആറന്മുള ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ മറച്ചു വെയ്ക്കാന്‍ ഒന്നും ഇല്ല എന്നതിനാല്‍ തന്നെ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ.
ആറന്മുളയില് സജീവമായി സമരരംഗത്ത് ഉണ്ട് എന്ന് സമരാനുകൂലുകള്‍ പറഞ്ഞു പരത്തുന്ന പലരും സമര രംഗത്ത് ഇല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ദിവസങ്ങള്‍ മുന്നോട്ടു പോകും തോറും സമര രംഗത്ത് സജീവമായുള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണ്. എയര്‍പോര്‍ട്ട് വരുന്നത് കൊണ്ട് പൈതൃകം കാവ് കുളം ക്ഷേത്ര സമ്പത്ത് ആദിയായവ നശിക്കും എന്ന വാദങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുക്കാതെ വന്നപ്പോഴാണ് വിജിലന്‍സ് അന്വേഷണത്തിന് സമര സമിതിയുടെ ഒത്താശയോടെ തല്പര കക്ഷികള്‍ ശ്രമം ആരംഭിച്ചത്. നാളുകളായി പരാതിയുമായി അന്വേഷണ ഏജന്‍സികളുടെ ഓഫീസുകള്‍ കയറി ഇറങ്ങിയാണ് ഇപ്പോള്‍ ആറന്മുളക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന്റെ ഉത്തരവ് സംഘടിപ്പിച്ചിരിക്കുന്നത്.
മറ്റുള്ള വാദമുഖങ്ങള്‍ പ്രസക്തമല്ല എന്ന തിരിച്ചറിവാണ് ക്രമക്കേട് എന്ന ദിശയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമര സമിതിയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആരോപണങ്ങളോ ആക്ഷേപങ്ങളോ തളര്‍ത്താത്ത ദൃഢനിശ്ചയവുമായി വിമാനത്താവള പദ്ധതി മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അനുകൂലമായി നില്ക്കുന്ന പദ്ധതിക്ക് പൂര്‍ണ്ണത കൈവരിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. കെജിഎസ് ഗ്രൂപ്പും ആറന്മുളയുടെ വികസനം സ്വപ്നം കാണുന്ന ഒരു പറ്റം ചെറുപ്പക്കാരും നാടിനെ സ്നേഹിക്കുന്നവരും ആറന്മുളയില് നിന്ന് വിമാനം പറന്നുയരുന്നത് സ്വപ്നം കാണുന്നവരാണ്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ നയിക്കുന്നത് അവരുടെ ഉള്ളിലെ നിക്ഷിപ്ത താല്പര്യങ്ങളാണ്. കേരളത്തിന് മാത്രം സ്വന്തമായ രാഷ്ട്രീയ ഘടനയില്‍ നിക്ഷിപ്ത താല്പര്യങ്ങളുള്ള പണ മോഹികള്‍ നടത്തുന്ന സമരങ്ങളാണ് കൂടുതലായും അരങ്ങേറാറുള്ളത്. ഒരു പ്രത്യേക ലക്ഷ്യം വെച്ചുള്ള സമരങ്ങള്‍ രാഷ്ട്രീയക്കാരാണെങ്കിലും സാമൂഹിക സംഘടനകളാണെങ്കിലും ഏറ്റെടുത്ത് വിജയിപ്പിച്ചിട്ട് കാലം എത്രയായി എന്നു ചിന്തി ച്ചു നോക്കിയാല്‍ തന്നെ മനസ്സിലാകും കേരളത്തില്‍ നടക്കുന്ന നേര്‍ച്ച സമരങ്ങളുടെ കഥ.
കേരളത്തില്‍ പൊതുവില്‍ നടക്കുന്ന നേര്‍ച്ച സമരങ്ങളുടെ അരികു പറ്റിയാണ് ആറന്മുളയിലെയും സമരങ്ങള്‍ അരങ്ങേറുന്നത്. നേതൃത്വം നല്‍കുന്നത് നിക്ഷിപ്ത താല്പര്യക്കാരും. ഇതോടൊപ്പം തന്നെ പറയേണ്ടുന്ന മറ്റൊരു പേരാണ് പരിസ്ഥിതി വാദവുമായി നടക്കുന്ന ഹരീഷിനെ പോലുള്ള ചെറുപ്പക്കാര്‍ വക്കീലന്മാരുടെ കാര്യവും. മിഡിയ ലൈംലൈറ്റില്‍ നില്‍ക്കാത്ത രാഷ്ട്രീയക്കാരുടെ അതേ അവസ്ഥയായിരിക്കും പേരെടുക്കാത്ത വക്കീലന്മാരുടെയും അവസ്ഥ. കേസ് വാദിച്ച് പേരെടുക്കുന്നതിലും എളുപ്പമാണ് കപട പരിസ്ഥിതി സ്നേഹം കാണിച്ച് പേരെടുക്കുന്നത്. ചിത്രം വ്യക്തം, നയം വ്യക്തം നിലപാടുകളും വ്യക്തം.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പേ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ആക്ടീവ് ആയിരുന്ന ആറന്മുള വിരുദ്ധ പോസ്റ്റുകളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ആറന്മുള എയര്‍പോര്‍ട്ട് വിരുദ്ധ പേജുകളില്‍ പോസ്റ്റുകള്‍ തീരെ ഇല്ല എന്നു തന്നെ പറയാം. അതേസമയം ആറന്മുളയെ അനുകൂലിച്ചുള്ള പേജുകളുടെയും പോസ്റ്റുകളുടെയും എണ്ണത്തില്‍ വര്‍ധനവ് വരുന്നുമുണ്ട്. ഇതെല്ലാം കൂട്ടി വായിച്ചാല്‍ ആറന്മുള എയര്‍പോര്‍ട്ടിന് ജനപിന്തുണ ഏറ വരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ജനപ്രീയയമായ ആദ്യ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടായി ആറന്മുള എയര്‍പോര്‍ട്ട് മാറട്ടെ എന്ന് ആശംസിക്കാം.