കൊച്ചി: സിഎംആർഎൽ മാസപ്പടി കേസില്‍ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. കേസിലെ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്ഐഡിസിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും രേഖകളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ആവശ്യപ്പെട്ടത് മുഖവിലക്കെടുത്താണ് കോടതിയുടെ നടപടി.
അന്വേഷണത്തില്‍ ആശങ്ക എന്തിനെന്ന് കെഎസ്ഐഡിസിയോട് കോടതി ചോദിച്ചു. അന്വേഷണം സ്ഥാപനത്തിന്റെ പേരിന് കളങ്കം വരുത്തുമെന്നായിരുന്നു കെഎസ്ഐഡിസിയുടെ മറുപടി. മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന്റെ കമ്പനിയും സിഎംആര്‍എലും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്നറിഞ്ഞ് സിഎംആര്‍എലിനോട് വിശദീകരണം തേടിയിരുന്നെങ്കിലും നല്‍കിയില്ലെന്ന് കെഎസ്ഐഡിസി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ചോദിച്ച വിശദീകരണത്തിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു കെഎസ്ഐഡിസിയുടെ മറുപടി.
അതേസമയം കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചു. ഹര്‍ജി ഈ മാസം 26ന് വീണ്ടും പരിഗണിക്കും.ഹർജി നിലനിൽക്കുമ്പോൾ അറസ്റ്റുണ്ടാവില്ലെന്നും കോടതി പറഞ്ഞു. കെഎസ്ഐഡിസിയുടെയും ഷോൺ ജോർജിന്റെയും ഹർജികളിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്.