കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ അന്വേഷിക്കുന്നത് ഒരു സര്‍പ്രൈസ് രാഷ്ട്രീയ ദ്രുവീകരണത്തിന് സാധ്യതകളുണ്ടോ എന്നതാണ്. കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങള്‍ നിന്ന നിപ്പില് മാറി മറിഞ്ഞ ചരിത്രം നമ്മുടെ ഭൂതകാലത്തില്‍ പൊടിപിടിച്ചു കിടപ്പുണ്ട്.
യുഡിഎഫില്‍ രണ്ടു ദിവസമായി പുകഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് നിരീക്ഷകരെ ഇങ്ങനെ ഒരു അന്വേഷണത്തിന് പ്രേരിപ്പിച്ചത്. അങ്ങനെ അന്വേഷിച്ചു പോയ നിരീക്ഷകര്‍ പല ഊഹാ പോഹങ്ങളും കിംവതന്തികളും കേട്ടു. ഇതില്‍ പ്രധാനം ഗണേഷിന്റെ രാജി തന്നെയാണ്. ഞാന്‍ രാജി വെയ്ക്കില്ല എന്നു തറപ്പിച്ചു പറയാന്‍ ഗണേഷും, രാജി വെയ്ക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടിയും നിസംശയം പറയാത്ത സാഹചര്യത്തില്‍ മലക്കം മറിച്ചിലുകള്‍ക്ക് സാധ്യതയുണ്ട്.
രണ്ടു ദിവസം മുന്‍പു വരെ പറഞ്ഞു കേട്ടിരുന്ന അടക്കം പറച്ചിലുകളില്‍ ഗണേഷിന്റെ രാജിയും എല്‍ഡിഎഫ് പ്രവേശനവും സജീവമായിരുന്നു. എന്നാല്‍ പൂഞ്ഞാര്‍ കോളാംബിയുടെ വെളിപ്പെടുത്തലോടെ എല്ലാം തകിടം മറിഞ്ഞു. സ്ത്രീ വിഷയത്തില്‍ രാജി വെച്ച ഒരു രാഷ്ട്രീയക്കാരന് എല്‍ഡിഎഫില്‍ ഇടം കണ്ടെത്തുക എന്നത് ശ്രമകരമായിരിക്കും.
കുശാഗ്ര ബുദ്ധിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തിയ അല്ലെങ്കില്‍ ചൂഴ്ന്ന് എടുത്ത വിവരങ്ങള്‍ പ്രകാരം എല്‍ഡിഎഫ് നേതൃത്വവും ഗണേഷ് കുമാറും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിലെ തീരുമാന പ്രകാരം ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജി വെച്ച് എല്‍ഡിഎഫിലേക്ക് പ്രവേശിക്കാന്‍ തയാറായിരുന്നു. ഗണേഷിനോടൊപ്പം തന്നെ കേരള കോണ്‍ഗ്രസില്‍ മൂലക്കിരുന്നു പോയ പി.ജെ. ജോസഫുമായും ചര്‍ച്ചകള്‍ നടന്നിരുന്നു. അദ്ദേഹത്തിനും മുന്നണി ചാടി കടക്കാന്‍ സന്തോഷം.
ഇടതു മുന്നണി വിപൂലീകരിക്കും എന്ന ഇടതുപക്ഷത്തിന്റെ യോഗ തീരുമാനവും ഇടതില്‍ നിന്ന് പോയവര്‍ക്ക് തിരികെ വരാം എന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പ്രസ്താവനയും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഗണേഷിന് പ്രശ്നം സ്വന്തം അച്ഛനാണെങ്കില്‍ ജോസഫിന് പ്രശ്നം ഏകപക്ഷീയ തീരുമാനങ്ങള്‍ കേരള കോണ്‍ഗ്രസില്‍ നടപ്പാക്കുന്ന കെ.എം. മാണിയാണ്.
തന്റെ കാല് ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു എന്നു മനസ്സിലാക്കിയ ഉമ്മന്‍ ചാണ്ടി പൂഞ്ഞാര്‍ പുലിയെ രംഗത്ത് ഇറക്കി ഗണേഷിന്റെ പോക്ക് അതി വിദഗ്ധമായി തടഞ്ഞു. ഗണേഷിനെതിരെ വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ തനിക്കും ഉമ്മന്‍ ചാണ്ടിക്കും ഗണേഷുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അറിയാം മറ്റുള്ള മന്ത്രിമാര്‍ക്ക് അറിയാമോ എന്ന് നിശ്ചയമില്ല എന്ന് വ്യക്തമാക്കിയതാണ്. നിയമസഭയില്‍ ഭൂരിപക്ഷം കൂട്ടുന്നതിനായി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ജോര്‍ജ്ജിനെ ഉമ്മന്‍ ചാണ്ടി ചാക്കുമായി അയച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഇടതില്‍ നിന്ന് നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിനെ ചാടിച്ച് വലതില്‍ എത്തിച്ചത് പിസി ജോര്‍ജ്ജാണ് എന്ന് ജോര്‍ജ്ജും ശെല്വരാജനുമാണ് എന്ന് ഇരുവരും സമ്മതിച്ചിട്ടുള്ളതുമാണ്. ജോര്‍ജ്ജിനെ കച്ച മുറുക്കിച്ച് കളത്തിലേക്ക് ഇറക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് ആലോചിച്ചു നോക്കിയാല്‍ മനസ്സിലാകും.
ഇതേ രാഷ്ട്രീയ തന്ത്രം തന്നെയാണ് ഉമ്മന്‍ ചാണ്ടി ഇത്തവണയും മെനഞ്ഞത്. പൂഞ്ഞാറ്റിലെ ജോര്‍ജ്ജ് അത് വെടിപ്പായി നടപ്പിലാക്കി കൊടുക്കുകയും ചെയ്തു. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും മംഗളം ദിനപത്രവും തമ്മിലുള്ള ബന്ധം നേരത്തത്തെ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് അതിവിടെ ആവര്‍ത്തിക്കുന്നില്ല. ചുരുക്കം പറഞ്ഞാല്‍ ഗണേഷിനെ പൂട്ടാന്‍ ഉമ്മന്‍ ചാണ്ടി കളിച്ച ഒരു കളിയില്‍ ഗണേഷന് വീണു പോയി.
ഗണേഷ് കുമാറിന്റെ രാജി അതൊരു അനിവാര്യതയാണ് ഇന്ന് അല്ലെങ്കില്‍ നാളെ ഗണേഷിന് രാജി വെച്ചേ പറ്റു. കേരള കോണ്‍ഗ്രസ് ബിയുടെ പാനലില്‍ നിന്ന് മത്സരിച്ച് എംഎല്‍എ ആയ ഗണേഷ് കുമാര്‍ ഇപ്പോള്‍ പാര്‍ട്ടിക്കു വേണ്ടാത്തവനായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള ഉടനെ കത്ത് നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു. അങ്ങനെ കത്തു നല്കിയാല് പിന്നീട് ഗണേഷിന് മന്ത്രിസഭയില്‍ തുടരാന്‍ കഴിയില്ല, കാരണം ഗണേഷിനെ മന്ത്രിയാക്കുന്നതിനുള്ള സമ്മതപത്രം നല്‍കിയിരിക്കുന്നത് കേരള കോണ്‍ഗ്രസ് ബിയാണ് (സൂചന). ഈ സാഹചര്യത്തില്‍ സ്വാഭാവികമായും ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രിക്ക് ഗണേഷിന്റെ രാജി ആവശ്യപ്പെടേണ്ടി വരും. രാജി നല്കുന്ന ഗണേഷ് പോകുന്നത് നേരെ ഇടതു മുന്നണിയിലേക്ക് ആയിരിക്കും. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ എല്ലാം സുരക്ഷിതമാണ്. സ്ത്രീ വിഷയത്തില്‍ മന്ത്രിസ്ഥാനം രാജി വെക്കുന്ന ഗണേഷ് എംഎല്‍എ സ്ഥാനവും രാജി വെയ്ക്കും. പത്തനാപുരത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ഇടതു മുന്നണിയില്‍ രംഗപ്രവേശം ചെയ്താല്‍ ഗണേഷ് തന്നെ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥി, എതിരായ് യുഡിഎഫ് പാനലില്‍ ബാലകൃഷ്ണപിള്ളയുടെ മരുമകന് മനോജ്, അല്ലെങ്കില്‍ സാക്ഷാല്‍ ബാലകൃഷ്ണപിള്ള തന്നെ. രാഷ്ട്രീയ തന്ത്രങ്ങളില്‍ പയറ്റി തെളിഞ്ഞ ബാലകൃഷ്ണപിള്ള മെനയുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ അതിജീവീച്ച് ഗണേഷിനോ സിപിഎമ്മിനോ പത്തനാപുരത്ത് നിന്ന് ജയിക്കാന്‍ സാധിക്കും എന്ന് കരുതാന്‍വയ്യ.
കൂട്ടികിഴിക്കലുകള്‍ എത്ര നടത്തിയാലും ലാഭം മുഖ്യന് മാത്രം. ഇനി അറിയാനുള്ളത് പി.ജെ. ജോസഫിനിട്ട് എന്ത് അമ്പാണ് ഉമ്മന്‍ മൂര്‍ച്ചിപ്പിച്ച് വെച്ചിരിക്കുന്നത് എന്നാണ്. രാഷ്ട്രീയ കേരളമേ, നമോവാകം.