കൽപറ്റ : മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മഖ്നയെ കണ്ടെത്തി. ആന്റീന റസീവർ എന്നിവയിൽ ആനയുടെ സാന്നിധ്യം കണ്ടെത്തി. ആനയിപ്പോൾ ട്രാക്കിംഗ് ടീമിന്റെ വലയത്തിലാണ്. വെറ്റിനറി ടീം കാട്ടിലേക്ക് പോവുകയാണ്. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും.
സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.ആനയെ കണ്ടെത്തിയതിന് പിന്നാലെ കുങ്കി ആനകളുമായി ദൗത്യസംഘം വനത്തിനുള്ളിലേക്ക് നീങ്ങി. ഏറുമാടത്തില്നിന്നുകൊണ്ട് മയക്കുവെടി വയ്ക്കാനാണ് ശ്രമം. ഇന്നലെ രാവിലെ മുതല്‍ ആനയ്ക്ക് പിന്നാലെ കൂടിയെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. ആന അതിവേഗത്തില്‍ നീങ്ങുന്നതാണ് ദൗത്യത്തിന് പ്രതിസന്ധിയായത്. ഇന്നലെ രാത്രി വൈകിയതോടെ ദൗത്യം താത്കാലികമായി ഉപേക്ഷിച്ചത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
അതേസമയം, ആളെക്കൊല്ലി മോഴയുടെ സാന്നിധ്യം ഉള്ളതിനാല്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കന് മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും കളക്ടര്‍ അറിയിച്ചു.