തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശ സർവ്വകലാശാലകൾ തുടങ്ങാനുള്ള നീക്കത്തിൽ നിന്നും സിപിഎം പിൻവാങ്ങുന്നു. ഇത്തവണത്തെ ബജറ്റിൽ മുന്നോട്ടുവെച്ച നിർദേശം വിവാദമായ സാഹചര്യത്തിലാണ് പിൻവലിക്കാനുള്ള നടപടികളിലേക്ക് സിപിഎം കടക്കുന്നത്. വിഷയം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ സിപിഎമ്മിൽ ധാരണയായി.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പിബി വിഷയം വിശദമായി ചർച്ച ചെയ്യും. സിപിഐയുടെ അതൃപ്തി കൂടി കണക്കിലെടുത്താണ് വിദേശ സർവ്വകലാശാലക്ക് അനുമതി നൽകാനുളള നിർദ്ദേശം പുനപരിശോധിക്കാമെന്നതിലേക്ക് സിപിഎം എത്തിച്ചേർന്നത്. വിദേശ സർവ്വകലാശാല നിലപാടിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എതിർപ്പ് അറിയിച്ചിരുന്നു. വിദേശ സര്‍വ്വകലാശാകൾക്ക് അനുമതി നൽകുന്നത് ഇടതുനയത്തിന് വിരുദ്ധമെന്ന നിലപാടിലാണ് സിപിഐ. വിദേശ സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വ്വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്നാണ് ബാലഗോപാലിന്റെ ബജറ്റ് നയം.നിര്‍ണ്ണായക നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമര്‍ശനമാണ് സിപിഐക്ക്. ഇടതുമുന്നണി ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം ചേർന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലും ഉയര്‍ന്നു.പിന്നാലെയാണ് സിപിഐ അതൃപ്തി സിപിഎമ്മിനെ അറിയിച്ചത്.