പട്ന : ബിഹാര്‍ നിയമസഭയില്‍ നീതീഷ് കുമാര്‍ നാളെ വിശ്വാസ വോട്ട് നേടും. മറുകണ്ട് ചാടുന്നതില്‍ വിദഗ്ധനായ നിതീഷ് നാളെത്തെ അഗ്നിപരീക്ഷയില്‍ വിജയം നേടുമോയെന്നത് കാത്തിരുന്ന് കാണാം. അതേസമയം, രാഷ്ട്രീയ അട്ടിമറികളുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടില്‍ ആര്‍ജെഡിയുവിന്റെയും സിപിഐഎംഎല്ലിന്റെയും എംഎല്‍എമാര്‍ യോഗം ചേര്‍ന്നു. വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ജെഡിയു വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിക്കുന്നവരുടെ അംഗത്വം നഷ്ടമാകുമെന്ന് പാര്‍ട്ടി ചീഫ് വിപ്പ് ശര്‍വണ്‍ കുമാര്‍ പറഞ്ഞു.
243 അംഗ നിയമഭയില്‍ 128 എംഎല്‍എമാരുള്ള നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടിയേക്കും. മഹാസഖ്യത്തിന് 114 എംഎല്‍എമാരാണ് ഉളളത്. നിതീഷിന്റെ പാര്‍ട്ടിയിലെ അഞ്ച് എംഎല്‍എമാരെ പാര്‍ട്ടി നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എമാരെ ദിവസങ്ങള്‍ക്ക് മുന്നേ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഇവര്‍ തിങ്കളാഴ്ച രാവിലെയോ പട്നയിലെത്തും. തിങ്കളാഴ്ച നിയമസഭ ചേരുമ്പോള്‍ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഇരുപക്ഷത്തിനും ആദ്യ ബലപരീക്ഷണമാകും.
മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി ഇതുവരെ സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ ജെഡിയു-ബിജെപി സഖ്യം സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.അവാദ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ വിജയിക്കാനായില്ലെങ്കില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ താഴെവീഴുമെന്നുറപ്പാണ്. മുന്നണികള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂവെന്നതിനാല്‍ എംഎല്‍എമാരെ പാര്‍ട്ടി വലിയ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്. ബിമ ഭാരതി, സഞ്ജീവ്, ഷാലിനി മിശ്ര, സുദര്ശന്, ദിലീപ് റായ് എന്നീ എംഎല്‍എമാരാണ് വിരുന്നില്‍ പങ്കെടുക്കാതിരുന്നത്. ഇവരെ ബന്ധപ്പെടാന്‍ ജെഡിയു നേതൃത്വത്തിന് ആയിട്ടില്ലെന്നാണ് വിവരം.