ന്യൂഡല്‍ഹി : ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കേടുപാടുകള്‍ സംഭവിച്ച സീറ്റില്‍ യാത്ര ചെയ്ത മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവ്. ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് 50,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്. ഇരിപ്പിടങ്ങള്‍ തരാറിലായതിനാല് പരാതിക്കാര്‍ക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.
ബിസിനസ് ക്ലാസിലാണ് ദമ്പതികള്‍ യാത്ര ചെയ്തിരുന്നത്. പരാതിക്കാര്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് 8,24,964/ രൂപയ്ക്ക് രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റ് എടുക്കുകയും യാത്ര ചെയ്യുകയും ചെയ്തു. എന്നാല്‍ സീറ്റുകള്‍ മുന്നോട്ടു നീങ്ങുകയോ ഒന്നും ചെയ്യാത്തതിനാല്‍ കാലുകള്‍ വെക്കാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. തുടര്‍ന്ന് കാലുകളിലും കൈകകളിലും നീരുണ്ടാവുകയും വേദന അനുഭവപ്പെടുകയും ചെയ്തു. ഫിസിയോ തെറാപ്പി ചെയ്യാന്‍ അമേരിക്കയിലേക്ക് പോകുമ്പോഴാണ് സംഭവം.
14 മണിക്കൂറാണ് ഇവര്‍ യാത്ര ചെയ്തത്. പരാതിക്കാര്‍ ടിക്കറ്റ് രസീതുകള്‍, മെഡിക്കല്‍ രേഖകള്‍, കേടായ സീറ്റുകളുടെ ഫോട്ടോകള്‍, എയര്‍ലൈനുമായുള്ള കത്തിടപാടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ സവീസ് പോരായ്മ കണ്ടെത്തി. തുടര്‍ന്നാണ് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും 10,000 രൂപ കോടതി വ്യവഹാരത്തിനായി ചെലവായ തുക നല്‍കാനും ഉത്തരവിട്ടത്.