ബംഗലൂരു : ആശുപത്രിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. കര്‍ണാടകയിലെ ഗദാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 38 വിദ്യാര്‍ത്ഥികള്‍ക്കെതിരേയാണ് കോളജ് അധികൃതര്‍ നടപടിയെടുത്തത്.
കഴിഞ്ഞദിവസമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ റീല്‍സ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട കോളജ് മാനേജ്മെന്റ് ആശുപത്രി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ തെറ്റാണ്. രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്തരം വീഡിയോകള്‍ ആശുപത്രിക്ക് പുറത്ത് ചിത്രീകരിക്കണമായിരുന്നു. ചട്ടം ലംഘിച്ചതിന് വിദ്യാര്‍ത്ഥികളുടെ ഹൗസ്മാന്ഷിപ്പ് കാലാവധി പത്തുദിവസത്തേക്ക് കൂടി നീട്ടിയതായി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ഓപ്പറേഷന് തീയേറ്ററില്‍ പ്രീവെഡ്ഡിങ് ഷൂട്ട് നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന യുവഡോക്ടര്‍ക്കെതിരേയാണ് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നടപടി സ്വീകരിച്ചത്.