കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ കെ പ്രേമചന്ദ്രന് എംപിയെ സംഘിയാക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. മോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന് പങ്കെടുത്തതില്‍ തെറ്റില്ല. രാഷ്ട്രീയം വേറെ, വ്യക്തി ബന്ധം വേറെയെന്ന് കെ മുരളീധരന് എംപി വ്യക്തമാക്കി.
പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയി എന്നതിന്റെ പേരില്‍ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കും. സ്വന്തം അന്തര്‍ധാര മറച്ചുവെക്കാന്‍ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാപ്പരത്വത്തിന്റെ ഉദാഹരണമാണ്.
പ്രധാനമന്ത്രി ഉച്ചയ്ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞതില്‍ തെറ്റൊന്നും കാണുന്നില്ല. അത് ഒരു അന്തര്‍ധാരയുടേയും ഭാഗമല്ലെന്നും കെ മുരളീധരന് പറഞ്ഞു. മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും.
കൂടിയാലോചിച്ച് എല്ലാ ഭാഗത്തു നിന്നും പരസ്പര വിട്ടുവീഴ്ചയോടെ പ്രശ്നത്തിന് പരിഹാരം കാണാനാകും. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് വിട്ടുവീഴ്ച വേണമെങ്കില്‍ അതു ചെയ്യും. ഇന്ത്യയിലാകെ ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ ശത്രുവെങ്കില്‍, കേരളത്തില്‍ ബിജെപിക്കൊപ്പം സിപിഎമ്മും ശത്രുവാണെന്നും കെ മുരളീധരന് പറഞ്ഞു.