ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ ഡൽഹി മാർച്ച് തടയാൻ വലിയ ഒരുക്കങ്ങളുമായി ഹരിയാന സർക്കാർ. മാർച്ച് ഹരിയാന കടക്കാതിരിക്കാൻ പ്രധാനവഴി നിറയെ സിമന്റ് ബാരിക്കേഡുകൾ, ഇരുമ്പ് ആണികൾ എന്നിവ സർക്കാർ സ്ഥാപിച്ചു. കൂടാതെ വലിയ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. മാർച്ചുമായി ബന്ധപ്പെട്ട് ഹരിയാനയിൽ ഇന്റർനെറ്റ് നിരോധിച്ചു.
ഒരാൾ റോഡിൽ ഇരുമ്പ് ആണി സ്ഥാപിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹരിയാനയിലെ പല ജില്ലകളിലും സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്, പൊലീസ് സേനയ്ക്കൊപ്പം സിആർപിഎഫിനെയും മറ്റ് സുരക്ഷാ ഏജൻസികളെയും വിന്യസിച്ചിട്ടുണ്ട്. സമരക്കാരെ ഒതുക്കാൻ അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ഏഴ് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും എസ്എംഎസുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനൽകുന്നതിനുള്ള നിയമം നടപ്പാക്കുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് 200-ലധികം കർഷക യൂണിയനുകൾ ഫെബ്രുവരി 13 നാണ് മർച്ച് ആരംഭിക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ മൂന്നംഗ സംഘം വ്യാഴാഴ്ച കർഷക സംഘടനാ നേതാക്കളുമായി വിശദമായ ചർച്ച നടത്തിയിരുന്നു. 2020-ൽ പഞ്ചാബിൽ നിന്നും അംബാലയുടെ സമീപ പ്രദേശങ്ങളിൽ നിന്നും ധാരാളം കർഷകർ ശംഭു അതിർത്തിയിൽ ഒത്തുകൂടിയിരുന്നു. ഇവരെ തടയാൻ പൊലീസ് വലിയ രീതിയിലുള്ള മാർഗ തടസങ്ങളാണ് ഒരുക്കിയിരുന്നത്. കർഷകർ ഒരു വർഷത്തോളം സമരം ചെയ്താൻ തങ്ങളുടെ ആവശ്യം നേടിയെടുത്തത്.