തിരുവനന്തപുരം: മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ഇതിനുള്ള ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനം നടത്താതെയുള്ള പ്രശ്നപരിഹാരത്തിനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
ആനയുടെ റേഡിയോ കോളറില്‍നിന്നുള്ള സിഗ്നല്‍ കിട്ടാന്‍ വൈകിയത് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആനകളെ നിരീക്ഷിക്കാൻ കേന്ദ്രീകൃത സംവിധാനമില്ല. ഇതിന് പ്രത്യേക പ്രോട്ടോക്കോൾ വേണം.വയനാട്ടിലേക്ക് പോവുകയല്ല ഇപ്പോള്‍ പ്രധാനം. നിലവില്‍ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. മാനന്തവാടിയിലേക്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിയുന്നില്ലെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. പ്രശ്നപരിഹാരത്തിന് ജനപ്രതിനിധികളുമായി സംസാരിക്കാന്‍ ജില്ലാ കളക്ടര്‍ തയാറാണ്. എന്നാല്‍ നിലവില്‍ അതിനുള്ള സാഹചര്യം അവിടെയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.