വനിതാ തടവുകാർ ഗർഭിണിയാകുന്നു, പുരുഷ ഉദ്യോഗസ്ഥരെ വനിതാ തടവുകാരുടെ കേന്ദ്രങ്ങളിലെ ഡ്യൂട്ടിയിൽ നിന്നും പൂർണമായും ഒഴിവാക്കണം… കൊൽക്കത്ത ഹൈക്കോടതിയിൽ വന്നതാണ്, കേൾക്കുന്നവർക്ക് അമ്പരപ്പും നേരിടുന്നവർക്ക് ദുരന്തവും സമ്മാനിക്കുന്ന ഈ ആവശ്യമടങ്ങിയ റിപ്പോർട്ട്.. ബംഗാൾ ജയിലുകളിൽ തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജയിലിലെ സൗകര്യങ്ങളെ കുറിച്ച് പഠിക്കാനായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടേതാണ് ഈ റിപ്പോർട്ട്.
വനിതാ പുനരധിവാസ കേന്ദ്രങ്ങൾ സന്ദർശിച്ച് അമിക്കസ് ക്യൂറിയായ തപസ് ബനാജ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനവും ജസ്റ്റിസ് സുപ്രിതം ഭട്ടചാര്യയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുന്നിൽ സമർപിച്ച റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകളുള്ളത്. 196 കുട്ടികളാണ് വനിതാ തടവുകാർക്കൊപ്പം കസ്റ്റഡിയിൽ കഴിയുന്നത്. ആലിപ്പൂരിലെ പുനരധിവാസ കേന്ദ്രത്തിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ടിലെ പരാമർശങ്ങൾ ഈ കുട്ടികളുടെ ജയിൽ ജീവിതത്തിനു പിന്നിലെ കഥകൾ വെളിവാക്കുന്നുണ്ട്.ഗർഭിണിയായ ഒരു തടവുകാരിയെയും 15 കുട്ടികളെയുമാണ് ആ ഒരു കേന്ദ്രത്തിൽ മാത്രം അമിക്കസ്ക്യൂറി കണ്ടത്. 10 ആൺകുട്ടികളും അഞ്ചു പെൺകുട്ടികളും. ഇവരുടെ അമ്മമാരിൽ പലരും തടവ് കാലത്ത് തന്നെ ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്തവരാണ്.
കുട്ടികൾക്കും സ്ത്രീ തടവുകാർക്കും വേണ്ട വൈദ്യ സഹായത്തിനുള്ള സാമഗ്രികളോ ജീവനക്കാരോ ഇവിടില്ല . ഡംഡമിലെ പുനരധിവാസ കേന്ദ്രത്തിൽ 400 തടവുകാരാണ് അധികമായി ഉണ്ടായിരുന്നത്. ഇതിൽ 90 പേരെ ആലിപ്പൂർ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പുരുഷ ഉദ്യോഗസ്ഥരെ വനിതാ ജയിലുകളിൽ നിന്നും കർക്കശമായി വിലക്കണമെന്ന ആവശ്യമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുള്ളത്. വനിതാ തടവുകാരെ ജയിലിൽ എത്തിക്കുമ്പോൾ തന്നെ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ ഗർഭ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യമുണ്ട്. ജയിലിൽ നേരിടുന്ന ലൈംഗിക പീഡനം ഒഴിവാക്കാനും അവർ അനാഥ ഗർഭം പേറാതെ നോക്കാനും ഈ ഒരു നിർദേശം ഹൈക്കോടതി സർക്കാരിന് മുന്നിൽ വെക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. ഹൈക്കോടതി തിങ്കളാഴ്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ വാദം കേൾക്കും.