പേയ്മെന്റ് ബാങ്കിന് റിസർബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പേടിഎം സുപ്രധാന മാറ്റത്തിന് ഒരുങ്ങുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്ന് അനുമതി നേടിക്കൊണ്ട് പേടിഎം ഇ-കൊമേഴ്സ് അതിൻ്റെ പേര് പൈ പ്ലാറ്റ്ഫോംസ് എന്നാക്കി മാറ്റിയതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏകദേശം മൂന്ന് മാസം മുമ്പ് കമ്പനി പേര് മാറ്റത്തിന് അപേക്ഷിച്ചിരുന്നുവെന്നും ഫെബ്രുവരി 8 ന് കമ്പനികളുടെ രജിസ്ട്രാറിൽ നിന്ന് അനുമതി ലഭിച്ചതായും പുതിയ മാറ്റത്തെക്കുറിച്ച് അറിയുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഒഎൻഡിസിയിലെ വിൽപ്പന പ്ലാറ്റ്ഫോമായ ബിറ്റ്സിലയെ പേടിഎം ഇ-കൊമേഴ്സ് ഏറ്റെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 8 ലെ രജിസ്ട്രാർ ഓഫ് കമ്പനീസ് വിജ്ഞാപനം അനുസരിച്ച് “… ഈ സർട്ടിഫിക്കറ്റിൻ്റെ തീയതി മുതൽ കമ്പനിയുടെ പേര് പേടിഎം ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നതിൽ നിന്ന് പൈ പ്ലാറ്റ്ഫോം പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി മാറ്റി… കമ്പനി യഥാർത്ഥത്തിൽ പേടിഎം ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് സംയോജിപ്പിച്ചത്, “ഒഎൻഡിസിയിലെ വിൽപ്പന പ്ലാറ്റ്ഫോമായ ബിറ്റ്സിലയെ പേടിഎം ഇ-കൊമേഴ്സ് ഏറ്റെടുത്തതും നിലവിലെ സാഹചര്യത്തിൽ സുപ്രധാനമാണ്.
ജനുവരി 31ന് ആണ് പേടിഎമ്മിനെതിരേ ആർബിഐ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. 2024 ഫെബ്രുവരി 29 ന് ശേഷം പേടിഎം പേയ്മെൻ്റ് ബാങ്കിൻ്റെ ഉപഭോക്തൃ അക്കൗണ്ടുകളിലെ നിക്ഷേപത്തിനും ക്രെഡിറ്റ് ഇടപാടുകൾക്കും ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 29ന് ശേഷം അക്കൗണ്ടുകളിലും വാലറ്റുകൾ, ഫാസ്റ്റാഗുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് രീതികളിലും നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് പൂർണമായി റിസർവ് ബാങ്ക് തടഞ്ഞിട്ടുണ്ട്.
ആർബിഐ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, രാജ്യത്തെ ഏറ്റവും വലിയ പേയ്മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്മെന്റ്സ് ബാങ്കിന് ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ, ക്രെഡിറ്റ് ഇടപാടുകൾ അനുവദിക്കാനോ, യുപിഐ ഉൾപ്പെടെയുള്ള പണമിടപാടുകൾ നടത്താനോ സാധിക്കില്ല.