ലക്നൗ: ഇന്ത്യ മുന്നണിയിൽ വീണ്ടും വിള്ളലെന്ന് സൂചന. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചതിലൂടെ ആർഎൽഡിയെ എൻഡിഎയിൽ എത്തിക്കാനാണെന്ന സൂചന ശക്തമാണ്.
ചരൺ സിങ്ങിന്റെ മകൻ അജിത് സിംഗ് സ്ഥാപിച്ചതും നിലവിൽ അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് ചൗധരി നയിക്കുന്നതുമായ രാഷ്ട്രീയ ലോക്ദളിന് (ആർഎൽഡി) ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കാൻ നാലു സീറ്റ് ബിജെപി വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. യുപിയിൽ ഏഴു സീറ്റ് നൽകാമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആർഎൽഡിയെ അറിയിച്ചിരുന്നു.
എന്നാൽ ആർഎൽജി – ബിജെപി രഹസ്യചർച്ചകളുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഭാരതരത്നം പ്രഖ്യാപനമെന്നാണ് വിലയിരുത്തൽ. ജയന്ത് ചൗധരിയുടെ പ്രതികരണവും എൻഡിഎയിലേക്ക് പോകുന്നെന്ന സൂചന നൽകുന്നതാണ്. കിഴക്കൻ യുപിയിൽ നിർണായക ശക്തിയാണ് അജിത് സിങ് രൂപം കൊടുത്ത ആർ.എൽ.ഡി .
ഇതിനു മുൻപ് ബിഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപൂരി ഠാക്കൂറിനു മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയതിനു പിന്നാലെ ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ത്യ മുന്നണി വിട്ട് എൻഡിഎക്കൊപ്പം ചേർന്നിരുന്നു.