ന്യൂഡൽഹി : ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി. ദില്ലി സ്വദേശിയും ഉദരരോഗ വിദഗ്ദനുമായ ഡോ. വി കെ ഗുപ്തയാണ് പുതിയ ചികിത്സയിലൂടെ രോഗവിമുക്തനായത്. വിദേശരാജ്യങ്ങളില്‍ നാലു കോടിയോളം ചെലവ് വരുന്ന ഈ ചികിത്സയ്ക്ക് ഇന്ത്യയില്‍ ചിലവ് 42 ലക്ഷമാണ്.
ബി-കോശ കാന്സറുകളെന്ന് അറിയപ്പെടുന്ന ലുക്കീമിയ, ലിംഫോമ തുടങ്ങിയവയ്ക്ക് ഇവ ഫലപ്രദമാകുമെന്നാണ് കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ഈ ചികിത്സാരീതി വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഈ നേട്ടം. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്ന തരത്തില്‍ രോഗിയുടെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ തന്നെ പുനര്‍സജ്ജമാക്കുന്നതാണ് ഈ ചികിത്സാ രീതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഈ ചികിത്സാ രീതി ലഭ്യമാക്കാന്‍ സാധിക്കു.
ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്ന ശ്വേത രക്താണുവായ ടി കോശങ്ങളെ ജനിതക സാങ്കേതിക വിദ്യയിലൂടെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പ്രാപ്തമാക്കി മാറ്റും. ഇതിനായി രോഗിയുടെ ശരീരത്തില്‍ നിന്ന് ടി-കോശങ്ങളെ ശേഖരിച്ച് അവയില്‍ ലാബുകളില്‍ വെച്ച് മാറ്റം വരുത്തും. കൈമറിക് ആന്റിജന്‍ റിസപ്റ്റര്‍ എന്ന പ്രത്യേക പ്രോട്ടീന്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രികയയാണ് ലബോറട്ടറിയില്‍ ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുന്നത്. തുടര്‍ന്ന് ഇത്തരത്തില്‍ മാറ്റം വരുത്തിയ ടി-കോശങ്ങളെ രോഗിയുടെ ശരീരത്തില്‍ തന്നെ തിരികെ നിക്ഷേപിക്കും. ഈ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതാണ് ചികിത്സാ രീതി.
കാര്‍ -ടി സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ ഇമ്യൂണോആക്ട് എന്ന കമ്പനി പ്രദേശികമായി വികസിപ്പിച്ച നെക്സ്കാര്‍19 എന്ന ചികിത്സയാണ് ഇവിടെ നല്‍കുന്നത്.