ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചരൺ സിംഗ് , ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരത് രത്ന. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന ഈ വർഷം മൂന്ന് പേർക്ക് കൂടി നൽകാനാണ് മോഡി സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്. ഇതോടെ ഈ വർഷം 5 പേർക്ക് ഭാരതരത്ന പുരസ്കാരം നൽകും. അസാധാരണമായ രീതിയിലാണ് ഇത്തവണത്തെ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എല്ലാ വിഭാഗത്തെയും പരിഗണിച്ച് അഞ്ച് പേരെ ഇത്തവണ തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ. ജാട്ട് നേതാവായചരൺ സിംഗിന്റെ ഭാരത് രത്ന പുരസ്ക്കാര പ്രഖ്യാപനം ഇന്ത്യ മുന്നണിയിൽ അംഗമായ രാഷ്ട്രീയ ലോക് ദളിനെ ലക്ഷ്യം വെച്ചുള്ളതാണ്. കോൺഗ്രസ് പോലും മറന്നു പോയ ആന്ധ്രായുടെ വീരപുത്രൻ നരസിംഹ റാവുവിന് ബിജെപി സർക്കാർ ഭാരത് രത്ന നൽകുന്നതും രാഷ്ട്രീയ മാനങ്ങൾ ഉള്ള ഒന്നാകും.