ന്യൂഡല്‍ഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് . മാര്‍ച്ച് ഒന്നുമുതല്‍ പേടിഎം പേയ്മെന്റ്സ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന റിസര്‍വ് ബാങ്ക് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പേടിഎം പേയ്മെന്റസ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ലെയിമുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാ ഫീല്‍ഡ് ഓഫീസുകളോടും ഇപിഎഫ്ഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് ഫെബ്രുവരി 23 മുതല്‍ പ്രാബല്യത്തില്‍ വരും. പേടിഎം പേയ്മെന്റ്സ് ബാങ്കില്‍ ഇപിഎഫ് അക്കൗണ്ടുള്ള വരിക്കാരെ ഈ നിയന്ത്രണം ബാധിച്ചേക്കാം. ഇപിഎഫ്ഒയുടെ നടപടി സമയബന്ധിതമായി പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ എന്നിവയെ ബാധിച്ചേക്കും.
ജനുവരി 31നാണ് നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് പേടിഎം പേയ്മെന്റ്സ് ബാങ്കിന് നിര്‍ദേശം നല്‍കിയത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപവുമായി ബന്ധപ്പെട്ട്് ഭാവിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വരിക്കാര്‍ അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.