ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് ഇടതുസർക്കാറിന്റെ പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ കാലാവധി പൂർത്തിയാവാൻ ചുരുങ്ങിയ കാലം മാത്രം ബാക്കി നിൽക്കെയാണ് മുഖ്യന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങുന്ന വൻ സംഘം ഡൽഹി സമരത്തിന് ഇറങ്ങുന്നത്. ഇന്നലെ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സമരം നടന്ന അതേ പന്തലിൽ തന്നെയാകും ഇന്ന് കേരളത്തിന്റെയും സമരം.
ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കും. രാവിലെ 10.30ന് കേരള ഹൗസിനു മുന്നിൽനിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജാഥയായി സമരവേദിയിലേക്ക് നീങ്ങും. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നൽകിയിട്ടുണ്ട്. ഡൽഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന ഏടായി സമരം മാറും.ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വ്യാഴാഴ്ച എൽഡിഎഫ് നേതൃത്വത്തിൽ കേരളത്തിലാകെ പ്രതിഷേധ റാലികളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കും.
ഡിഎംകെ പ്രതിഷേധം ഇന്ന്
കേന്ദ്ര ബജറ്റിൽ തമിഴ്നാടിന് ഫണ്ട് അനുവദിക്കാത്തിനെതിരെ ഡിഎംകെ എംപിമാർ വ്യാഴാഴ്ച കറുപ്പ് ഷർട്ട് ധരിച്ച് പ്രതിഷേധിക്കും. പാർലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിലായിരിക്കും സമരം.