കേന്ദ്ര ഫണ്ട് നൽകാതെ സംസ്ഥാനത്തെ ബിജെപി സർക്കാർ ഞെരുക്കുന്നു എന്ന വാദവുമായി കർണാടക സർക്കാർ നടത്തുന്ന ഡൽഹി ചലോ പ്രതിഷേധ പരിപാടി ആരംഭിച്ചു. കേന്ദ്ര പൂളിൽ നിന്നുള്ള നികുതിവിഹിതം കുറഞ്ഞതാണ് കർണാടക സർക്കാരിനെ പ്രധാനമായും പ്രകോപിപ്പിച്ചിരിക്കുന്നത്. കേരളം ഉയർത്തുന്നതിന് സമാനമായ ആവശ്യങ്ങളാണ് കണക്കുകളിൽ വ്യത്യാസം ഉണ്ടെങ്കിൽ പോലും കർണാടകാവും ഉയർത്തുന്നത്.
കേന്ദ്ര പൂളിൽ നിന്നും കുറഞ്ഞതെത്ര ?
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ നിലവിൽ വന്നതിന് ശേഷം, കേന്ദ്ര പൂളിൽ നിന്നുള്ള നികുതിയുടെ വിഹിതം 4.71% ൽ നിന്ന് 3.64% ആയി കുറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനുള്ള ശിക്ഷയാണ് ഈ ഇളവ് എന്നാണ് കർണാടക സർക്കാർ അവകാശപ്പെടുന്നത്.
ചരക്ക് സേവന നികുതിയും (ജിഎസ്ടി) 15-ാം ധനകാര്യ കമ്മിഷൻ്റെ ശിപാർശകൾ നടപ്പാക്കുന്നതും കാരണം കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കുറഞ്ഞുവെന്നും കർണാടകയ്ക്ക് ഏകദേശം 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സിദ്ധരാമയ്യ തിങ്കളാഴ്ച ബെംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കിയതു മൂലമുള്ള 59,274 കോടി രൂപയുടെ റവന്യൂ കമ്മിയും, പതിനഞ്ചാം ധനകാര്യ കമ്മിഷൻ പ്രകാരം സംസ്ഥാനത്തിൻ്റെ നികുതി വിഹിതത്തിൽ ഉണ്ടായ കുറവും 62,098 കോടി രൂപയായി കണക്കാക്കിയാണ് സർക്കാർ 1.87 ലക്ഷം കോടി രൂപയിലെത്തിയത്. 2017നും 2024നും ഇടയിൽ 55,000 കോടി രൂപ കേന്ദ്രവും മറ്റുള്ളവരും ചുമത്തിയ സെസുകളിലും സർചാർജുകളിലും സംസ്ഥാനത്തിൻ്റെ വിഹിതം നിഷേധിക്കപ്പെട്ടു. കൂടാതെ മറ്റൊരു 11,495 കോടി രൂപ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തെങ്കിലും നിരസിച്ചു. കേന്ദ്രം. ഇതിനുപുറമെ, അപ്പർ ഭദ്ര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി 2022-23 കേന്ദ്ര ബജറ്റിൽ വാഗ്ദാനം ചെയ്ത 5,300 കോടി രൂപയും കടലാസിൽ അവശേഷിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
പ്രതിഷേധത്തിന് കേന്ദ്ര ധനമന്ത്രിയുടെ പിന്തുണയും തേടി
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റ് മന്ത്രിമാർ, പാർട്ടി നിയമസഭാംഗങ്ങൾ എന്നിവരും ജന്തർ മന്തറിലെ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുക്കുന്നുണ്ട് . സംസ്ഥാനത്തെ എല്ലാ കേന്ദ്രമന്ത്രിമാർക്കും എം.പിമാർക്കും സിദ്ധരാമയ്യ കത്തയച്ച് പ്രതിഷേധത്തിൽ അവരുടെ പിന്തുണയും പങ്കാളിത്തവും തേടിയിരുന്നു. ഇതിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ , അവരുടെ ക്യാബിനറ്റ് സഹപ്രവർത്തകരായ പ്രഹ്ളാദ് ജോഷി, എ. നാരായണ സ്വാമി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരും ഉൾപ്പെടുന്നു.