ന്യൂഡൽഹി : കേന്ദ്ര സർക്കാർ വിവേചനത്തിന് എതിരെ ഡൽഹിയിൽ കർണാടകയുടെ സമരം ആരംഭിച്ചു. മന്ത്രിസഭാ അംഗങ്ങളും നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളും ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അവഗണന നേരിടുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ സമരത്തെ പിന്തുണയ്ക്കുമെന്ന് ഡി.കെ ശിവകുമാർ ഉൾപ്പടെയുള്ള നേതാക്കൾ വ്യക്തമാക്കി.
സംസ്ഥാനത്തിന് അർഹമായ നികുതിപ്പണം കേന്ദ്രസർക്കാർ തടഞ്ഞുവെക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ചലോ ഡൽഹി എന്ന ഏകദിന സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുന്ന കർണാടക സർക്കാർ തീരുമാനിച്ചത്. ഡൽഹി ജന്തർ മന്ദറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ സംസ്ഥാനത്തെ 135 കോൺഗ്രസ് എം.എൽ.എമാർ, 28 എം.എൽ.സിമാർ, ഒരു ലോക്സഭ എം.പി, അഞ്ചു രാജ്യസഭ എം.പിമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കൾക്ക് പുറമെ, മണ്ഡ്യ മേലുക്കോട്ടെയിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എയും കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ പ്രതിനിധിയുമായ ദർശൻ പുട്ടണ്ണയ്യയും സമരപ്പന്തലിൽ എത്തി.
കേന്ദ്ര പദ്ധതികൾ നൽകുന്നതിൽ കർണാടക കനത്ത അവഗണന നേരിടുന്നെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചു.കേന്ദ്ര അവഗണന നേരിടുന്ന കേരളത്തിൻ്റെ സമരത്തിനും കർണാടകയുടെ പിന്തുണ ഉണ്ടെന്ന് കർണാടക മന്ത്രിമാർ പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന് കീഴിലെ അഞ്ചു വർഷം കൊണ്ട് 1,87,000 കോടിയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായി എന്നാണ് കർണാടക സർക്കാർ ആരോപിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മുതല്‍ ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയോട് ശത്രുത മനോഭാവം വെച്ചുപുലര്ത്തുന്നുവെന്നാണു സംസ്ഥാന സർക്കാർ ആരോപിക്കുന്നത്.