അടൂര്‍: ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി പി.സി.ജോര്‍ജ്. റബര്‍ താങ്ങുവിലയില്‍ വര്‍ധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നായിരുന്നു പരാമര്‍ശം. ബാലഗോപാല്‍ നാണംകെട്ടവനാണെന്നും പി.സി പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രക്ക് അടൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പി.സി.
കാശ് തന്നാല്‍ എ ബജറ്റ്. കാശ് തന്നില്ലെങ്കില്‍ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്.എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ റബറിന് തറവില പ്രഖ്യാപിച്ചിരുന്നു. ഈ ബജറ്റില്‍ ഈ മന്ത്രി 10 രൂപയാണ് കൂട്ടിയത്. അവന്റെ അപ്പന് കൊണ്ട് കൊടുക്കട്ടെ എന്നും പി.സി പറഞ്ഞു. മന്ത്രിയോട് തനിക്ക് ഏറ്റവും അരിശം തോന്നിയ കാര്യം ഇതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 250 രൂപ റബറിന് വില നല്‍കാമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എഴുതിവച്ച് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ 10 ഉലുവ കൊടുക്കാമെന്ന് പറയുന്നു. അതുകൊണ്ടാണ് അത് വീട്ടില്‍ കൊണ്ടുകൊടുക്കാന്‍ താന്‍ പറഞ്ഞതെന്നും പി.സി കൂട്ടിച്ചേര്‍ത്തു.