ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ഇന്ന് അവതരിപ്പിക്കും. സഭ ബിൽ പാസാക്കിയാൽ, യുസിസി അംഗീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഞായറാഴ്ച, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെനേതൃത്വത്തിലുള്ള സംസ്ഥാന കാബിനറ്റ്, ബില്ലിന് അനുമതി നൽകിയിരുന്നു.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ധാമി യുസിസി ബിൽ അവതരിപ്പിക്കും. എല്ലാ പൗരന്മാർക്കും അവരുടെ മതമോ ലിംഗഭേദമോ ലൈംഗിക ആഭിമുഖ്യമോ പരിഗണിക്കാതെ ഒരു പൊതു വ്യക്തിഗത നിയമങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ യുസിസി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.മുഖ്യ സേവക് സദനിൽ സംഘടിപ്പിച്ച പരിപാടിയിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി യുസിസിയുടെ കരട് ധാമിക്ക് സമർപ്പിച്ചത്.
ബഹുഭാര്യത്വത്തിന്റെ നിരോധനം, തുല്യ അനന്തരാവകാശം, ലിവ്-ഇൻ റിലേഷൻഷിപ്പുകളുടെ നിർബന്ധിത പ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കരടിൽ ഉണ്ടെന്നാണ് വിവരം. ഏകീകൃത സിവിൽ കോഡ് നിയമസഭ പാസാക്കിയാൽ, സ്വാതന്ത്ര്യത്തിന് ശേഷം ഇത് അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. യുസിസിയിൽ നിയമം പാസാക്കുന്നതിനായി ഫെബ്രുവരി 5 മുതൽ 8 വരെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക നാല് ദിവസത്തെ സമ്മേളനം നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.