കൊച്ചി : ഡോക്ടര്‍ വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛന് മോഹന്‍ദാസ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ബച്ചു കുര്യന് തോമസ് ആണ് ഹര്‍ജിയില്‍ വിധി പറയുക.
നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേസില്‍ പ്രതി സന്ദീപിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലും ഇന്ന് ഉത്തരവുണ്ടാകും. 2023 മെയ് 10-നാണ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.