സാധാരണഗതിയിൽ ഇടതുമുന്നണിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവുമധികം മുഴങ്ങികേൾക്കുന്നത് ക്ഷേമ പദ്ധതികളെക്കുറിച്ചാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കവേ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഇടതിന്റെ പൊതുസമീപനത്തിലെ മാറ്റമാണ് ഏവരും ശ്രദ്ധിക്കുക. ഉന്നത വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യ പരിപാലനം അടക്കമുള്ള സംസ്ഥാനത്തിന്റെ മുൻഗണനാ മേഖലകളിൽ സ്വകാര്യ നിക്ഷേപം എന്ന തുറന്ന സമീപനമാണ് ഈ ബജറ്റിലെ വ്യത്യസ്തത.
സംസ്ഥാനത്തിന്റെ ഞെരുങ്ങുന്ന സാമ്പത്തിക സ്ഥിതിയാണ് സ്വകാര്യ നിക്ഷേപമെന്ന ആശയത്തിനു പിന്നിൽ. സ്വകാര്യമേഖലയെ കാര്യമായി പ്രോത്സാഹിപ്പിക്കുകയും സ്വകാര്യ നിക്ഷേപത്തെ എല്ലാ തുറകളിലും സ്വീകരിക്കുകയും ചെയ്യുന്ന നയമാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ നേരത്തെ തന്നെ അത് ചെയ്യേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും ചെയ്തത് സ്വാഗതാര്‍ഹമാണ്. 25 സ്വകാര്യ നിക്ഷേപ പാര്‍ക്കുകള്‍ തുടങ്ങുമെന്നതാണ് ഒരു പ്രധാന പ്രഖ്യാപനം. വിഴിഞ്ഞത്തെ സാധ്യതകൾ മുതലെടുക്കാൻ സ്വകാര്യ പങ്കാളിത്തതോടെ സ്പെഷൽ ഡെവലെപ്മെന്റ് സോണുകൾ രൂപീകരിക്കുമെന്ന് പ്രഖ്യാപനമുണ്ട്. പ്രതിസന്ധി ഒഴിയുന്നതുവരെ കാത്തിരിക്കാതെ സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃക സൃഷ്ടിക്കാണ് ശ്രമം.
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ കടന്നു കയറ്റത്തെ ചെറുക്കാൻ നിന്ന ഇടതു മുന്നണി, കാലോചിതമായി സ്വയം നവീകരിച്ച് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ തയാറെടുക്കുന്നു. സ്വകാര്യ യൂണിവേഴ്സിറ്റികളോടും വിദേശ യൂണിവേഴ്സിറ്റികളോടും വളരെ അനുകൂല സമീപനമുണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ കുറേ വര്‍ഷങ്ങളായിട്ടുള്ള സമീപനത്തില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള സമീപനമാണ്. പൊതുവായിട്ടുള്ള സാമ്പത്തിക സമീപനത്തിലെ വ്യത്യാസമാണ് ഇതില്‍ പ്രകടമാകുന്നത്.
സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് ധനസ്ഥിതിയുടെ നേർകാഴ്ചയായി. 5 മാസമായി മുടങ്ങിയ പെൻഷൻ അടുത്ത സാമ്പത്തിക വർഷം മുതൽ കൃത്യമായി നൽകുമെന്ന പ്രതീക്ഷ നൽകിയിട്ടുണ്ട്. ഏറ്റവും മുന്‍ഗണനയോടെ ചെയ്യേണ്ടിയിരുന്നതാണ് ഈ ക്ഷേമപെന്ഷന് വിതരണം. അതില്‍ പ്രഖ്യാപനങ്ങള്‍ ഇല്ലാതിരുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. വലിയ പദ്ധതികളെക്കാൾ പുതിയ ആശയങ്ങൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയത്. സർക്കാർ ജീവനക്കാരുടെ ഡിഎയിൽ കുടിശികയുള്ള 7 ഗഡുവിൽ ഒരു ഗഡു നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുക്കിയ പെൻഷൻ സ്കീം രൂപീകരിക്കുമെന്നാണ് മറ്റൊരു പ്രധാന നിർദേശം. പെൻഷൻ ചെലവുകളിൽ എത്രത്തോളം കുറവു വരുത്താൻ സർക്കാർ തയാറാകുമെന്ന് കണ്ടറിയണം. പങ്കാളിത്ത പെന്ഷന് നിര്‍ത്തലാക്കി അഷ്വേര്‍ഡ് പെന്ഷന് പദ്ധതിയിലേക്ക് പോകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് വളരെ അപകടകരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ നിന്ന് പുറകോട്ടു പോകുന്ന സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ പോലും കിട്ടാതെയാകുന്ന സാഹചര്യം കേന്ദ്രത്തിലെ വരാനിരിക്കുന്ന പല പദ്ധതികളിലും അതുപോലെ തന്നെ 16-ാം ധനകാര്യകമ്മീഷനിലും ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും റബ്ബറിന്റെ താങ്ങുവില 10 രൂപ കൂട്ടിയതിനു പിന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തം. വൈദ്യുതി തീരുവ വർധിപ്പിച്ചത് സാധാരണക്കാരെ നേരിട്ട് ബാധിക്കില്ലെന്ന തോന്നലുണ്ടാക്കാം. ബാധ്യതയുള്ളതിനാൽ കെഎസ്ഇബി ഭാവിയിൽ നിരക്ക് വർധന ആവശ്യപ്പെടാം.
മദ്യത്തിന്റെ വില തൽക്കാലം കൂടില്ലെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടായാൽ ബവ്റിജസ് കോർപറേഷനും നിരക്ക് വർധനയ്ക്കു മുതിരാം. ഉപയോഗ ശൂന്യമായ ഫർണിച്ചറും, വാഹനവും പണമായി മാറ്റാനുള്ള സ്ക്രാപ്പിങ് നയം വ്യത്യസ്തമായ ആശയമായി. പുഴകളിൽനിന്നുള്ള മണൽവാരലും ഒരിടവേളയ്ക്കു ശേഷം ആരംഭിക്കുകയാണ്. ഈ രണ്ടു പദ്ധതികളിലൂടെയും 400 കോടിരൂപയാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് ലക്ഷ്യമിടുന്ന 1,067 കോടി രൂപയുടെ അധിക ധനസമാഹരണം കേരളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ തീരെ പര്യാപ്തമല്ല. 27,000 കോടി രൂപയിലധികമാണ് ബജറ്റ് രേഖയില്‍ പറയുന്ന റവന്യു കമ്മി.അതിൽ കൂടി കൃത്യമായ പരിഹാരം മുന്നോട്ടുവെക്കാതെ ധനമന്ത്രി പറഞ്ഞ സൂര്യോദയ ബജറ്റ് ഫലവത്താകുമോ എന്ന് കണ്ടറിയാം. എന്തായാലും ഇടതുമുന്നണി കാലാകാലങ്ങളിൽ എടുത്തിരുന്ന സമീപനങ്ങളിൽ നിന്നുള്ള ഗതിമാറ്റവും നയങ്ങളിലെ വ്യതിയാനവും ഈ ബജറ്റിനെ വരുംകാലങ്ങളിലും ചർച്ചയാക്കാൻ ഇടയുള്ള ഒന്നാണ്.