ന്യൂഡല്‍ഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തെ ധനമാനേജ്മെന്റിലെ പിടിപ്പു കേടെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലേത് അതീവ മോശം ധനമാനേജ്മെന്റെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കേരളത്തിന്റെ ധനകാര്യസ്ഥിതി വിശദീകരിക്കുന്ന കുറിപ്പ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.
കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് കേന്ദ്ര ധനമന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ ഓഫീസ് മേഖന കുറിപ്പ് കോടതിയില്‍ നല്‍കിയത്. ധനകാര്യ കമ്മീഷന് കേരളത്തിന് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തതിനേക്കാള്‍ അധികം പണം നല്‍കിയിട്ടുണ്ട്.
കേന്ദ്ര നികുതികള്‍, കേന്ദ്ര പദ്ധതികള്‍ക്കുള്ള തുക തുടങ്ങി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം അനുവദിച്ചിട്ടുണ്ട്. 2018-19 ല്‍ സംസ്ഥാനത്തെ മൊത്തം വരുമാനത്തിന്റെ 31 ശതമാനം ആയിരുന്നു കടമെങ്കില്‍, ഇപ്പോള്‍ 2021-22 ആയപ്പോള്‍ 38 ശതമാനം ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നു.
സംസ്ഥാനം കടത്തിന് നല്കുന്ന പലിശയിലും വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 14-ാം ധനകാര്യ കമ്മീഷന് വ്യക്തമാക്കിയിട്ടുള്ളത്, സംസ്ഥാനം എടുക്കുന്ന കടത്തിന്റെ മൊത്തം പലിശ 10 ശതമാനത്തില്‍ അധികമാകരുതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 19.8 ശതമാനമായി വര്‍ധിച്ചു.
ഉയര്‍ന്ന പലിശ നല്കുന്നതു തന്നെ സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏറ്റവും അധികം കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കടമെടുപ്പ് പരിധി ഇനി ഉയര്‍ത്താനാകില്ലെന്നും കുറിപ്പില്‍ കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കുന്നു.