തിരുവനന്തപുരം : കേരള ഗാനമായി കേരള സാഹിത്യ അക്കാദമി പരിഗണിക്കുന്നത് ഗാനരചയിതാവ് ഹരിനാരായണന്റെ പാട്ട് എന്ന് അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് പൊതുവേ അംഗീകരിക്കപ്പെട്ടില്ല.ക്ലീഷേ പ്രയോഗങ്ങളാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ ഉണ്ടായിരുന്നത്. അക്കാദമിക്കെതിരെ വിവാദങ്ങളുണ്ടാക്കാന്‍ ഏതൊക്കെയോ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സച്ചിദാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
‘ഹരിനാരായണന്റെ പാട്ട് ആണ് ചില തിരുത്തലുകള്‍ നിര്‍ദേശിച്ച് കൊണ്ട് സ്വീകരിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് പൊതുവേ അംഗീകരിക്കപ്പെട്ടില്ല. കമ്മിറ്റിയിലെ ഒരാള്‍ക്കും അംഗീകാരയോഗ്യമായി തോന്നിയില്ല. കമ്മിറ്റിക്ക് സമ്മതമാകാത്ത ഒരുപാട് പ്രയോഗങ്ങളും രീതികളും അതില്‍ ഉണ്ട്. എല്ലാവര്ക്കും പാടാവുന്ന രീതിയിലുള്ള പാട്ട് അല്ല എന്ന തോന്നലും ഉണ്ട്. ഇത്തരത്തില്‍ നിരവധി കാരണങ്ങള്‍ കൊണ്ടാണ് നിരാകരിക്കപ്പെട്ടത്. ക്ലീഷേ പ്രയോഗങ്ങളാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ ഉണ്ടായിരുന്നത്. അംഗീകരിക്കാത്തത് തമ്പിയെ അറിയിക്കേണ്ടത് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ ആണ്. അക്കാദമിക്കെതിരെ വിവാദങ്ങളുണ്ടാക്കാന്‍ ഏതൊക്കെയോ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്’- സച്ചിദാനന്ദന് പറഞ്ഞു.
സച്ചിദാനന്ദന് അവസരമുണ്ടാക്കി അപമാനിച്ചു എന്ന് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. ബോധപൂര്‍വ്വമായ നീക്കം തന്നെയാണ്. ഇളനീരിന് മധുരം എന്നത് ക്ലീഷേ ആണെങ്കില്‍ സച്ചിദാനന്ദന് മലയാളി അല്ല. അക്കാദമിക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തി സച്ചിദാനന്ദനും അബൂബക്കറുമാണ്. ഇ അച്ചുതണ്ട് ശക്തിയാണ് അക്കാദമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പറഞ്ഞു.
‘സച്ചിദാനന്ദന് അവസരമുണ്ടാക്കി അപമാനിച്ചു.ബോധപൂര്‍വ്വമായ നീക്കം തന്നെയാണ് ഇത്. മാർക്സിസ്റ്റ് നേതാക്കളെയും മന്ത്രിസഭയെയും ഉദ്ദേശിക്കുന്നില്ല. എന്നെ സംബന്ധിച്ച് സച്ചിദാനന്ദനും അബൂബക്കറും ചേര്‍ന്നുള്ള പ്ലാനാണ്. ഇവനെ ഒന്നു മെരുക്കണം. ഇവന് ഒരെണ്ണം കൊടുക്കണം. ഇങ്ങനെയല്ലേ ചെയ്യാന്‍ പറ്റൂ. അല്ലെങ്കില്‍ മറ്റാരുണ്ട് എഴുതാന്‍ എന്ന് ചോദിച്ച അബൂബക്കര്‍ തന്നെയാണ് ഇങ്ങനെ ചെയ്തത്. അവസാനത്തെ വരികള്‍ അതി ഗംഭീരം എന്നാണ് പറഞ്ഞത്. തുടക്കം മാത്രം മാറ്റിയാല്‍ മതിയെന്നും പറഞ്ഞു. തുടക്കം മാറ്റി കൊടുത്തു. ഇളനീരിന് മധുരം എന്നത് ക്ലീഷേ ആണെങ്കില്‍ സച്ചിദാനന്ദന് മലയാളി അല്ല. അക്കാദമിക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തി സച്ചിദാനന്ദനും അബൂബക്കറുമാണ്. ഇ അച്ചുതണ്ട് ശക്തിയാണ് അക്കാദമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ക്ലീഷേ ആണെന്ന് സച്ചിദാനന്ദന് പറയുന്നു. തീരുമാനം ആയിട്ടില്ലെന്ന് അബൂബക്കര്‍ പറയുന്നു. സ്വന്തം ഗാനം ചിട്ടപ്പെടുത്തി യൂട്യൂബില്‍ അപ്ലോഡ് ചെയ്യും’- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
കേരളഗാനം തെരഞ്ഞെടുത്തിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ അറിയിച്ചു. ശ്രീകുമാരന്‍ തമ്പിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല. തമ്പിയുടേത് ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ പരിഗണനയിലാണ്. സര്‍ക്കാര്‍ കൂടി അംഗീകരിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും അബൂബക്കര്‍ പ്രതികരിച്ചു.