തിരുവനന്തപുരം : ബജറ്റിന് മുന്നോടിയായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കേരളത്തിന് ആശ്വസിക്കാനേറെ. പൊതുകടവും റവന്യൂ കമ്മിയും കുറഞ്ഞതും ദേശീയ ശരാശരിയേക്കാൾ മികച്ച സാമ്പത്തിക വളർച്ച ആർജിക്കാൻ കഴിഞ്ഞതും ദീർഘകാല അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ഗുണകരമാകും.
6.6 ശതമാനം സാമ്പത്തിക വളർച്ചയാണ് സംസ്ഥാനം നേടിയത്. ദേശീയ ശരാശരി 5.9 ശതമാനം മാത്രമാണ്. അതേസമയം, കൊവിഡുകാലത്ത് മൈനസ് 8.4 ശതമാനം തളർച്ചയ്ക്ക് ശേഷം കഴിഞ്ഞവർഷം നടത്തിയ സാമ്പത്തിക ഉത്തേജന പരിപാടികളുടെ ഭാഗമായി വളർച്ച നിരക്ക് 12.1 ശതമാനമായി കുതിച്ചിരുന്നു. ഇതു നിലനിറുത്താനായില്ല.
പൊതുകടം കുറയുന്നു
പൊതുകടം 35.92 ശതമാനത്തിൽ നിന്ന് 34.62 ആയും വായ്പ 3.99 ശതമാനത്തിൽ നിന്ന് 2.44 ആയും കുറഞ്ഞു. എന്നാൽ, കേന്ദ്ര സർക്കാർ വായ്പയെടുക്കാൻ അനുവദിക്കാത്തതു കൊണ്ടാണ് കടം കുറഞ്ഞതെന്നതാണ് വസ്തുത. മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) പണപ്പെരുപ്പം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളതാണ് സാമ്പത്തിക സർവേ കണക്കുകൾ.
റവന്യു കമ്മി കുറഞ്ഞു
റവന്യു കമ്മി 2.23 ശതമാനത്തിൽ നിന്ന് 0.88 ശതമാനമായി കുറഞ്ഞു. സർക്കാരിന്റെ ശമ്പള, പെൻഷൻ ചെലവാണ് റവന്യു ചെലവ്. ഡി.എ കൊടുത്തിട്ടില്ല. ശമ്പള, പെൻഷൻ പരിഷ്ക്കരണ ചെലവ് കുടിശ്ശികയാണ്. ലീവ് സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ 40000 കോടിയുടെ ചെലവാണ് മാറ്റിവച്ചത്. റവന്യു കമ്മി ഇടിഞ്ഞത് ഇങ്ങനെയാണ്. റവന്യു കമ്മിയും കടവും കുറയുന്നത് സർക്കാരിന് നേട്ടമെങ്കിലും ആനുകൂല്യം പിടിച്ചുവയ്ക്കുന്നത് ജനങ്ങൾക്ക് തിരിച്ചടിയാണ്.
വളർച്ച
ഹെൽത്ത് ഇൻഡെക്സിൽ രാജ്യത്ത് ഒന്നാമത്
മാനവവികസന സൂചികയിൽ ഒന്നാമത്
തൊഴിൽ നൽകുന്നതിൽ രാജ്യത്ത് രണ്ടാമത്
ഈസ് ഒഫ് ഡൂയിംഗിൽ 28ൽനിന്ന് 15-ാം സ്ഥാനത്തെത്തി
പ്രതിശീർഷ വരുമാനം 1.64 ലക്ഷത്തിൽ നിന്ന് 1.74 ലക്ഷമായി
നികുതിവരുമാനം 23.36 ശതമാനത്തിൽ നിന്ന് 44.5 ആയി