വയനാട്: മാനന്തവാടി നഗരത്തിലിറങ്ങി ഭീതി പരത്തുന്ന ഒറ്റയാനെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഇറങ്ങി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി ജയപ്രസാദാണ് മയക്കുവെടി വെക്കാനായുള്ള ഉത്തരവിൽ ഒപ്പുവെച്ചത്. നിലവിലെ സാഹചര്യത്തില്‍ കാട്ടാനയെ തുരത്തുക ശ്രമകരമായതിനാല്‍ മയക്കുവെടി വെച്ച് പിടികൂടിയശേഷം ബന്ദിപ്പൂരില്‍ തുറന്നുവിടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉത്തരവിറങ്ങാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ആനയെ വനത്തിലേക്ക് ഓടിച്ചുകയറ്റുക ദുഷ്കരമെന്നാണ് നേരത്തെ നോര്‍ത്തേണ്‍ സിസിഎഫ് വ്യക്തമാക്കിയത്. ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ചതിനാല്‍ തന്നെ കിലോമീറ്ററുകള്‍ അകലെയുള്ള കാടിന് സമീപം എത്തിക്കുകയെന്നത് വെല്ലുവിളിയാണ് ഈ സാഹചര്യത്തിലാണ് മയക്കുവെടി വെക്കാനുള്ള തീരുമാനം. ആന ഇപ്പോൾ തുറസ്സായ സ്ഥലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വാഴത്തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.
കുങ്കി ആനകളെ സ്ഥലത്തെത്തിച്ചു. പിഎം 2, പിടി 7, അരിക്കൊമ്പന് അടക്കമുള്ള ദൗത്യങ്ങളില്‍ പങ്കാളിയായ വിക്രം, സൂര്യ എന്നീ കുങ്കി ആനകളെയാണ് എത്തിച്ചത്. ആആര്‍ടി സംഘവും വെറ്റിനറി ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്.കർണാടക വനംവകുപ്പ് നേരത്തേ പിടികൂടി റേഡിയോ കളക്ടർ ഘടിപ്പിച്ച ആനയാണ് മാനന്തവാടി ടൗണില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചത്. മാനന്തവാടി- കോഴിക്കോട് റോഡിന് തൊട്ടുതാഴെയുള്ള വയലിന്റെ പരിസരത്താണ് ആന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്.