ചെന്നൈ: സസ്പെന്‍സുകള്‍ക്കൊടുവില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് തമിഴ് നടന് വിജയ്. ‘തമിഴക വെട്രി കഴകം’ എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയത്.രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
വിജയ് തന്നെയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവരെയും തെരഞ്ഞെടുത്തു. ” 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യം” വിജയ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി അഭ്യൂഹങ്ങൾ ഉയരുന്നുണ്ടായിരുന്നെങ്കിലും ഇവയൊക്കെ തള്ളി വിജയ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് താരം സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി താരത്തിന്റെ വരവ്. 2026ൽ തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം ഉണ്ടാകുമെന്ന് വിജയ് നേരത്തെ സൂചനകൾ നൽകിയിരുന്നു. മുൻപ് ലിയോ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയും രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന വിജയ് നൽകിയിരുന്നു.