തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം അടിയന്തരപ്രമേയമായി ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം തടഞ്ഞ് സര്‍ക്കാര്‍. നോട്ടീസ് നല്‍കിയത് ചട്ടപ്രകാരമല്ലെന്നും അനുമതി നിഷേധിക്കുകയാണെന്നും സ്പീക്കര്‍ അറിയിച്ചു.ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
റൂള്‍ 52, 53 എന്നിവ അനുസരിച്ച് നോട്ടീസിന് അനുമതി നല്കാന് കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. നോട്ടീസില്‍ ചട്ടലംഘനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സഭയില്‍ പറഞ്ഞു. ഇതിന് പിന്നാലെ നടുത്തളത്തില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിന് ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. “കേരളം കൊള്ളയടിച്ച് പി.വി.ആന്‍ഡ് കമ്പനി’ എന്നെഴുതിയ ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്നാടന് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കെഎസ്ഐടിസി ഉള്‍പ്പെട്ട കേസില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.