റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ചംപായി സോറനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചത്. ഇന്നലെ രാത്രി 11ഓടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്നറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഗവര്‍ണറുടെ ക്ഷണമുണ്ടാകുന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്കാൻ വൈകുന്നതിനെതുടര്‍ന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങളാണ് 24 മണിക്കൂറിലധികമായി ഉണ്ടായത്. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ ഇന്നലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പോകാനായില്ല. എംഎല്‍എമാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കിലും മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെ വീണ്ടും അപ്രതീക്ഷിത സംഭവങ്ങളാണ് വിമാനത്താവളത്തില്‍ അരങ്ങേറിയത്.