റാഞ്ചി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. റാഞ്ചിയിലെ വസതിയിലെത്തിയാണ് ഉദ്യോഗസ്ഥർ സോറനെ ചോദ്യംചെയ്യുന്നത്. നേരത്തെ പത്തുതവണ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു.
ഇന്ന് ചോദ്യംചെയ്യലിന് തയാറാണെന്ന് സോറൻ ഇഡി നോട്ടീസിനു മറുപടി നല്‍കിയത്. രാജി അഭ്യൂഹം വലിയതോതിൽ ശക്തമായിരിക്കേ വൻ സുരക്ഷാ സന്നാഹങ്ങളാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയിരിക്കുന്നത്. അറസ്റ്റിലേക്ക് നീങ്ങിയാൽ രാജിവച്ച് ഭാര്യ കൽപന സോറനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. എന്‍ഫോഴ്സ്മെന്റ് നടപടികള്‍ക്കിടെ ഡല്‍ഹിയില്‍നിന്ന് അപ്രത്യക്ഷനായ ഹേമന്ത് സോറന് 24 മണിക്കൂറിനുശേഷം റാഞ്ചിയില്‍ തിരിച്ചെത്തിയിരുന്നു.
തുടര്‍ന്ന് ഇന്നലെ ഔദ്യോഗിക വസതിയില്‍ ഭരണകക്ഷി എംഎല്‍എമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഈ യോഗത്തില്‍ കല്പന സോറനും പങ്കെടുത്തത് ഭരണമാറ്റം ഉള്‍പ്പെടെ അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. തലസ്ഥാനം വിട്ടുപോകരുതെന്നും മറ്റു യോഗങ്ങളിൽ പങ്കെടുക്കരുതെന്നും എംഎൽഎമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.