കൊൽക്കത്ത : ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ കാറിന്റെ പിറകിലെ ചില്ലുകള്‍ തകരുകയായിരുന്നു. എന്നാൽ എങ്ങനെയാണ് ചില്ല് തകർന്നതെന്ന് വ്യക്തമല്ല. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
ബിഹാറിലെ കതിഹാറിൽനിന്ന് ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങു നടക്കുന്നതിനിടെയാണ് സംഭവം. ഈ സമയം രാഹുൽ ബസിന്റെ മുകളിൽനിൽക്കുകയായിരുന്നെന്നാണ് വിവരം. സ്ഥലത്ത് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ഇതിനിടെ രാഹുലിന്റെ വാഹനത്തിന്റെ പിൻഭാഗത്തെ ഗ്ലാസ് തകരുകയായിരുന്നു. എന്നാൽ ആളുകൾ തിക്കിതിരക്കിയത് മൂലമാണ് ചില്ല് തകർന്നതെന്നാണ് പൊലീസ് പറയുന്നത്.
രാഹുൽ ഗാന്ധി കാറിനു സമീപമെത്തി പരിശോധിച്ചു. നേരത്തേ, ബംഗാൾ ഭരണകൂടം രാഹുൽ ഗാന്ധിക്ക് മാൽഡ ജില്ലയിലെ ഭലൂക്ക ഇറിഗേഷൻ ബംഗ്ലാവിൽ താമസിക്കാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് യാത്രാ ഷെഡ്യൂളിൽ കോൺഗ്രസ് മാറ്റം വരുത്തി.