ന്യൂഡൽഹി: അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 93–ാം സ്ഥാനത്തേക്ക് ഇടറി വീണു. ട്രാൻസ്പരൻസി ഇന്റർനാഷനൽ പുറത്തിറക്കിയ 2023ലെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സ് (സിപിഐ) പ്രകാരം ഇന്ത്യയുടെ സ്കോർ 39 ആണ്. 2022ൽ 40 സ്കോറുമായി 85–ാം സ്ഥാനത്തായിരുന്നു ഇന്ത്യ .
90 സ്കോറുമായി ഡെൻമാർക്കാണ് ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം. തുടർച്ചയായ ആറാം വർഷമാണ് ഡെൻമാർക്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ഫിൻലൻഡ് (87), ന്യൂസിലൻഡ് (85) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. 84 സ്കോറുള്ള നോർവേ, സിംഗപ്പുർ (83), സ്വീഡൻ (82), സ്വിറ്റ്സർലൻഡ് (82), നെതർലൻഡ്സ് (79), ജർമനി (78), ലക്സംബർഗ് (78) എന്നിവയാണ് അഴിമതി കുറഞ്ഞ മറ്റു രാജ്യങ്ങൾ.
11 സ്കോറുള്ള സൊമാലിയ, വെനസ്വേല (13), സിറിയ (13), സൗത്ത് സുഡാൻ (13), യെമൻ (16) എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങൾ. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയ്ക്ക് 34 സ്കോറും പാക്കിസ്ഥാന് 29 സ്കോറുമാണുള്ളത്. പൊതുമേഖലയിലെ അഴിമതി പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്. ലോക ബാങ്ക്, വേൾഡ് ഇക്കണോമിക് ഫോറം എന്നിവിടങ്ങളിൽനിന്നുള്ള ഡേറ്റയും ഉപയോഗിച്ചു. തുടർച്ചയായ പന്ത്രണ്ടാം വർഷവും സിപിഐയുടെ ആഗോള ശരാശരി 43 ആയി തുടരുകയാണ്. പട്ടികയിലുള്ള മൂന്നിൽ രണ്ടു രാജ്യങ്ങളുടെയും സ്കോർ 50നു താഴെയാണ്. ആകെ 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.