ന്യൂഡൽഹി : തെരഞ്ഞെടുപ്പിന് ശേഷം പൂർണ്ണ ബജറ്റുമായി കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ബജറ്റ് സമ്മേളനത്തിന് മുൻപായി മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ രൂപീകരിച്ച ശേഷം പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന ആത്മവിശ്വാസം മോഡി പങ്കുവെച്ചത്.
രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് മോദി പറഞ്ഞു . കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണ്. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും മോദി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിപക്ഷം സഹകരിക്കണം. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദേശങ്ങൾക്കായി ഉയരണം. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണെന്നും മോദി പറഞ്ഞു.