കൊച്ചി: അങ്കമാലി മുക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം ജില്ലാ സ്പെഷല്‍ കോടതി ജഡ്ജി സോമനാണ് കേസില്‍ വിധി പറയുക.കേസിലെ പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, കൊലപാതക ശ്രമം എന്നിവ ഉള്‍പ്പെടെ ആറ് കുറ്റങ്ങൾ പ്രതിക്കെതിരെ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. കൊല നടത്തിയതിന് ശേഷം പ്രതിക്കുണ്ടായ മാറ്റങ്ങള്‍ പരിശോധിക്കാന്‍ ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടും കോടതി പരിഗണിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിക്കുക
2018 ഫെബ്രുവരി 11നാണ് അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ എരപ്പില്‍ കൂട്ടക്കൊലപാതകം നടക്കുന്നത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരന് അറക്കല്‍ വീട്ടില്‍ ശിവന് (62), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്തമകള്‍ എടലക്കാട് കുന്നപ്പിള്ളി വീട്ടില്‍ സുരേഷിന്റെ ഭാര്യ സ്മിത (30) എന്നിവരെയാണ് ബാബു വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്, അപര്‍ണ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. കൃത്യം നടത്തിയതിന് പിന്നാലെ കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്കൂട്ടറുമായി ചാടി ജീവനൊടുക്കാൻ ശ്രമിച്ച ബാബുവിനെ പ്രദേശവാസികളും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.