ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്മേളനം ഹ്രസ്വമായിരിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി 9 ന് അവസാനിക്കും. ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച ഇടക്കാല ബജറ്റ് അവതരിപ്പിക്കും, അതിനുശേഷം ഇരുസഭകളും നന്ദി പ്രമേയം ചർച്ച ചെയ്യും.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി 14 പ്രതിപക്ഷ എംഎൽഎമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം. രാജ്യസഭയിൽ നിന്നുള്ള മൂന്നും ലോക്സഭയിൽ നിന്നും 11 എംപിമാരുടെ സസ്പെൻഷൻ നടപടി പിൻവലിക്കാനാണ് ഇരുസഭകളുടേയും പ്രിസൈഡിംഗ് ഓഫീസർമാരോട് നിർദ്ദേശിച്ചിരിക്കുന്നത്. മുതിർന്ന മന്ത്രിമാർ പ്രതിപക്ഷ നേതാക്കളെയും ഫ്ളോർ നേതാക്കളെയും കണ്ട് സുഗമമായ സമ്മേളനത്തിന്റെ നടത്തിപ്പിന് സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
സഭയുടെ പ്രിവിലേജ് കമ്മിറ്റി യോഗം ചേർന്നാണ് എംപിമാർക്കെതിരെയുള്ള നടപടി പിൻവലിക്കാൻ ശുപാർശ ചെയ്യുന്ന പ്രമേയം അംഗീകരിച്ചത്. രണ്ടാഴ്ച മുമ്പ്, മൂന്ന് കോൺഗ്രസ് അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കാൻ ലോക്സഭയുടെ പ്രിവിലേജ് കമ്മിറ്റി സമാനമായ രീതിയിൽ തീരുമാനമെടുത്തിരുന്നു. ഡിസംബർ 13 ന് പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രിഷേധിച്ചതിനായിരുന്നു പ്രതിപക്ഷ എംപിമാർക്കെതിരെ നടപടി സ്വീകരിച്ചത്. പ്രതിഷേധത്തെ തുടർന്ന് നടപടികൾ തടസ്സപ്പെടുത്തിയതിന് ലോക്സഭയിലും രാജ്യസഭയിലുമായി 146 പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനത്തിനിടെ സസ്പെൻഡ് ചെയ്തിരുന്നു.