തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.ട്രഷറി താഴിട്ട് പൂട്ടി താക്കോലുമായാണ് ധനമന്ത്രി നടക്കുന്നത്. പഞ്ചായത്തില്‍ പുല്ല് വെട്ടിയതിന് കൊടുക്കാനുള്ള കാശ് പോലും ട്രഷറിയില്‍നിന്ന് പാസാകില്ലെന്ന് സതീശന് വിമര്‍ശിച്ചു.
കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം മുഴുവന്‍ നല്‍കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാട്. എന്നാല്‍ സാമ്പത്തിക ഞെരുക്കത്തിന്റെ മുഴുവന്‍ കാരണം കേന്ദ്ര അവഗനയാണെന്ന സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ധനപ്രതിസന്ധിയുടെ പ്രധാന കാരണമെന്നും സതീശന് വ്യക്തമാക്കി.
ധനമന്ത്രി പറഞ്ഞത് 57000 കോടി കേന്ദ്രത്തില്‍നിന്ന് കിട്ടാനുണ്ടെന്നാണ്. മറ്റൊരു എംഎല്‍എ പറഞ്ഞപ്പോള്‍ ഇത് 610000 കോടിയായി. പ്രധാനമന്ത്രിക്ക് ധനമന്ത്രി ഏഴാം മാസത്തില്‍ അയച്ച കത്ത് പ്രകാരം കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്ന പണം 3100 കോടി മാത്രമാണ്.യഥാര്‍ഥത്തില്‍ എത്ര രൂപയാണ് കേന്ദ്രത്തില്‍നിന്ന് കിട്ടാനുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദ്യമുന്നയിച്ചു.
സ്വര്ണനികുതിയില് വന്‍ വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളം നികുതി വെട്ടുപ്പുകാരുടെ പറുദീസയായെന്നും സതീശന് വിമര്‍ശിച്ചു.കഴിഞ്ഞ ഡിസംബര്‍ 31 വരെ കേരളത്തിലെ ജിഎസ്ടി വളര്‍ച്ച 12 ശതമാനമാണ്. കേരളത്തിന്റെ നികുതി വളര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ ഹരിയാനയില്നിന്നുള്ളവര് സംസ്ഥാനത്ത് എത്തുമെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാല്‍ അവരുടെ ജിഎസ്ടി വളര്‍ച്ച 20 ശതമാനമാണെന്നും സതീശന് പരിഹസിച്ചു.