ന്യൂഡല്‍ഹി: ജനപക്ഷം പാര്‍ട്ടി പിരിച്ചുവിട്ട് പി.സി.ജോര്‍ജ് ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും പി.സി.ജോര്‍ജിന് ഒപ്പമുണ്ട്.
എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം നില്ക്കാന് ഏറെ നാളുകളായി പി.സി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇരുമുന്നണികളും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് പാര്‍ട്ടിയില്‍ ചേരാനുള്ള നീക്കം. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ മുന്നണിയില്‍ എത്തിക്കുകയായിരുന്നു പി.സിയുടെ ഉദ്ദേശ്യം. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അടക്കമുള്ളവര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു.ഘടകകക്ഷിയായി എന്‍ഡിഎയില്‍ എത്തിയാലും പാര്‍ട്ടിക്ക് വിശ്വാസ്യത ഉണ്ടാവില്ലെന്നാണ് കേരള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഒപ്പം നിര്‍ത്താമെന്ന ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നെന്നാണ് വിവരം.