കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരേ സർക്കാർ നല്കിയ അപ്പീൽ ഇന്നു ഹൈക്കോടതി പരിഗണിക്കും. കേസിൽ പ്രതി അർജുന് ഹൈക്കോടതി നോട്ടീസയച്ചിരുന്നു.
സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി. മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടെന്ന വിധി പ്രസ്താവിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ പറയുന്നത്.
പ്രതിയെ വെറുതേവിട്ട കോടതിവിധിക്കെതിരേ പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കേസിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. കുടുംബത്തിന് നീതി ലഭിക്കുന്നതിനായി എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
2021 ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറിലെ ലയത്തിൽ കെട്ടിതൂക്കിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിക്ക് രണ്ട് വയസുള്ളപ്പോൾ മുതൽ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അന്ന് കണ്ടെത്തിയിരുന്നു. 78 ദിവസത്തിനകം പൊലീസ് കുറ്റപത്രവും സമർപ്പിച്ചു.