തിരുവനന്തപുരം: നെറ്റ്വർക്ക് കവറേജും ഡാറ്റാ സ്പീഡും കുറഞ്ഞതോടെ ബിഎസ്എൻഎൽ മൊബൈൽ ഫോൺ സിം ഉപഭോക്താക്കൾ മറ്റു കമ്പനികളിലേക്ക് മാറുന്നു. ഏറ്റവും കൂടുതൽ വരിക്കാരുള്ള കേരള സർക്കിളിൽനിന്നുമാത്രം മാസം 6000 പേരാണ് മറ്റു കമ്പനികളിലേക്ക് മാറുന്നത്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഒടുവിലത്തെ കണക്കുപ്രകാരം 96 ലക്ഷം വരിക്കാരുമായി ബിഎസ്എൻഎൽ കേരളത്തിൽ മൂന്നാംസ്ഥാനത്താണ്. 1.15 കോടി മൊബൈൽ വരിക്കാരിൽനിന്നാണ് 96 ലക്ഷമായി കുറഞ്ഞത്. നാലാംസ്ഥാനത്തുള്ള സ്വകാര്യകമ്പനിയുമായി 15 ലക്ഷത്തിന്റെ അധിക വരിക്കാർമാത്രം.
3ജി സേവനം തൃപ്തികരമായി നൽകാനും ബിഎസ്എൻഎല്ലിന് കഴിയുന്നില്ല. കഴിഞ്ഞ വർഷം പഞ്ചാബിൽ ടാറ്റാ കമ്പനിയുമായി ചേർന്ന് 4ജി സേവനപരീക്ഷണം ആരംഭിച്ചിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് 4ജിയും 5ജിയും ലഭ്യമാക്കുമെന്നാണ് അന്ന് കേന്ദ്രം പറഞ്ഞത്. പരീക്ഷണം വിജയിച്ചെങ്കിലും അതിന്റെ റിപ്പോർട്ട് പുറത്തുവിടാനോ, മറ്റു സർക്കിളുകളിൽ ആരംഭിക്കാനോ തയ്യാറായതുമില്ല.
2014 നുമുമ്പ് വയർലെസ് കണക്ഷൻ മേഖലയിൽ 11 ശതമാനത്തിൽ കൂടുതലായിരുന്നു ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം. അത് 8.08 ശതമാനമായി കുറഞ്ഞു. അതേസമയം, റിലയൻസ് ജിയോയുടേത് 39.30 ശതമാനമായി ഉയർന്നു. ബിഎസ്എൻഎൽ മാത്രമാണ് 2ജി, 3ജി സേവനത്തിൽ ഒതുങ്ങിനിൽക്കുന്നത്. ഒരു ടവറിനു കീഴിൽ 250 നെറ്റ് കണക്ഷനുണ്ടായാൽ 3ജി കിട്ടാത്ത സ്ഥിതിയുമാണ്.