പാറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തിൽ ബിഹാറിനെതിരെ ആദ്യഇന്നിംഗ്സിൽ കേരളം 227 റൺസിനു പുറത്തായി. സെഞ്ചുറി നേടിയ ശ്രേയസ് ഗോപാലിന്റെ (137) ഒറ്റയാൾ പ്രകടനമാണ് കേരളത്തിനെ തകർച്ചയിൽ നിന്നു കരകയറ്റിയത്.
ദുർബലരായ ടീമിനെതിരേ ബാറ്റിംഗ് നിര കളിമറന്ന ഇന്നിംഗ്സിൽ അക്ഷയ് ചന്ദ്രൻ (37), ജലജ് സക്സേന (22) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കംപോലും കടക്കാനായില്ല. ആനന്ദ് കൃഷ്ണന്(9), നായകന് രോഹന് കുന്നുമ്മല്‍ (അഞ്ച്), സച്ചിന് ബേബി(ഒന്ന്), വിഷ്ണു വിനോദ്(പൂജ്യം), വിഷ്ണു രാജ് (ഒന്ന്), ബേസിൽ തമ്പി (പൂജ്യം), എം.ഡി. നിതീഷ് (പൂജ്യം), അഖിൻ (പൂജ്യം*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് 25 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. അതും ശ്രേയസ് ഗോപാലിന്റെ ബാറ്റിൽ നിന്നായിരുന്നു. പത്താം വിക്കറ്റായി വീർപ്രതാപ് സിംഗിന്റെ പന്തിൽ അശുതോഷ് അമന് പിടികൊടുത്ത് ശ്രേയസ് മടങ്ങിയതോടെ കേരളത്തിന്റെ ഒന്നാമിന്നിംഗ്സ് പൂർത്തിയായി.
ബിഹാറിനു വേണ്ടി ഹിമാൻഷുസിംഗ് 63 റൺസ് വഴങ്ങി നാലുവിക്കറ്റും വീർ പ്രതാപ് സിംഗ് 26 റൺസ് വഴങ്ങി മൂന്നുവിക്കറ്റും വീഴ്ത്തി. വിപുൽ കൃഷ്ണ രണ്ടുവിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബിഹാർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 50 റൺസെടുത്തിട്ടുണ്ട്. ശ്രമൺ നിഗ്രോധ് (പൂജ്യം), ബാബുൽ കുമാർ (16) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. രണ്ടുവിക്കറ്റും വീഴ്ത്തിയത് അഖിൻ ആണ്. 17 റൺസുമായി പിയുഷ് കുമാർ സിംഗും 12 റൺസുമായി എസ്. ഗാനിയുമാണ് ക്രീസിൽ.
ക്യാപ്റ്റന്‍ സഞ്ജു സാംസണ് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നില്ക്കുന്ന മത്സരത്തില്‍ രോഹന് കുന്നുമ്മലാണ് കേരളത്തെ നയിക്കുന്നത്. രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നാലു പോയന്റ് മാത്രമുള്ള കേരളത്തിന് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ബിഹാറിനെതിരെ വമ്പൻ ജയം അനിവാര്യമാണ്.