കൊല്ലം: നിലമേലിൽ ഗവർണർക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെ നാടകീയരംഗങ്ങൾ. കരിങ്കൊടിയുമായി അമ്പതിലേറെ പ്രവർത്തകർ എത്തിയതോടെ പ്രകോപിതനായി വാഹത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടു കയര്‍ത്ത ഗവര്‍ണര്‍ പൊലീസിനെ ശകാരിക്കുകയും ചെയ്തു.
പുറത്തിറങ്ങിയ ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. തുടർന്ന് സമീപത്തെ കടയിൽ കയറി വെള്ളം കുടിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊ ലീസാണെന്നും കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്നും ഗവർണർ നിലപാടെടുത്തു. കരിങ്കൊടി പ്രതിഷേധം നടക്കുന്നുവെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിലെടുത്തില്ലെന്നും അദ്ദേഹം പൊ ലീസിനോടു ചോദിച്ചു.
തന്റെ യാത്രക്ക് സർക്കാർ മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നും പൊ ലീസിനെ നിയോഗിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായാണ് ഗവർണർ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. പ്രതിഷേധത്തിനു പിന്നാലെ 12 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.