തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ഒന്നര മിനിറ്റിൽ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തേക്കും.ഗവർണർക്കെതിരെ സ്വീകരിക്കേണ്ട തുടർ നിലപാടിൽ മുന്നണിക്കുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നാണ് സൂചന.
ഗവർണർ വന്ന് പ്രസംഗം വായിച്ചത് തന്നെ വലിയ കാര്യമായി വിലയിരുത്തുന്ന ഒരു വിഭാഗം ഉണ്ടെങ്കിലും, ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രീയമായി നേരിടണമെന്ന് അഭിപ്രായമുള്ളവരും പാർട്ടിക്കുള്ളിലുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് അന്തിമ നിലപാട് സ്വീകരിക്കും. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിമർശനങ്ങൾ ഉന്നയിക്കുക.