ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആദ്യദിനം തന്നെ 246 റൺസിനു പുറത്തായി. 70 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സിന് മാത്രമാണ് മികച്ച സ്കോർ കണ്ടെത്താനായത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ എട്ടുവിക്കറ്റുകളും സ്പിന്നർമാരാണ് സ്വന്തമാക്കിയത്.
രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർ മൂന്നുവിക്കറ്റ് വീതവും, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സെടുത്തു. എന്നാൽ, ഒമ്പതാമോവറിൽ നായകൻ രോഹിത് ശർമ സ്പിന്നർമാരെ പന്ത് ഏല്പിച്ചതോടെ കളിമാറി. അടുത്ത അഞ്ചുറൺസെടുക്കുന്നതിനിടെ മുന്നുവിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി.
35 റണ്‍സെടുത്ത ഡക്കറ്റിനെ അശ്വിന് തന്റെ രണ്ടാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ പോപ്പിനെ ജഡേജ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ അശ്വിനെ മുന്നോട്ടുകയറി പ്രഹരിക്കാൻ ശ്രമിച്ച സാക്ക് ക്രൗളിയെ മുഹമ്മദ് സിറാജ് മനോഹരമായി കൈയിലൊതുക്കി.ഇതോടെ അപകടം മണത്ത ഇംഗ്ലണ്ട് പ്രതിരോധം ആരംഭിച്ചു. ക്രീസിൽ ഒന്നിച്ച പരിചയസമ്പന്നരായ ജോ റൂട്ടും ജോണി ബെയർസ്റ്റോയും സ്കോർ പതിയെ മുന്നോട്ടുനീക്കി. ഇരുവരും ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 33-ാമോവറിൽ ബെയർസ്റ്റോയെ പുറത്താക്കി അക്ഷർ പട്ടേൽ ബ്രേക്ത്രൂ സമ്മാനിച്ചു.
പിന്നാലെയെത്തിയ നായകൻ ബെൻ സ്റ്റോക്സ് ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. ബെൻ ഫോക്സ് (നാല്), രെഹാൻ അഹമ്മദ് (13), ടോം ഹാർട്ട്ലി (23), മാർക്ക് വുഡ് (11) എന്നിവർ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. 88 പന്തിൽ ആറുഫോറും മൂന്നു സിക്സറുമുൾപ്പെടെ 70 റൺസെടുത്ത സ്റ്റോക്സ് അവസാന വിക്കറ്റായി മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 65-ാമോവറിൽ പൂർത്തിയായി.