ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ എജ്യൂടെക് സ്ഥാപനമായ ബൈജൂസിന്റെ നഷ്ടം എട്ടായിരം കോടി കടന്നെന്ന് കണക്കുകള്‍. കമ്പനികാര്യ മന്ത്രാലയത്തിന് നല്കിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് നഷ്ടക്കണക്കുകളുള്ളത്. കമ്പനിയുടെ ഓപ്പറേഷണല്‍ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചെന്നാണ് കണക്ക്.
നേരത്തെ ബൈജൂസിന് വലിയ തിരിച്ചടി നല്കി ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണില്‍ താഴെയായി കുറച്ചിരുന്നു. 2022 ജൂലൈയില്‍ 22.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്.
കടക്കെണിയിലായതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ബൈജു രവീന്ദ്രന് തന്റെ വീട് പണയപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെംഗളൂരുവില്‍ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകള്‍, എപ്സിലോണിലെ നിര്‍മാണത്തിലിരിക്കുന്ന വില്ല എന്നിവ 12 മില്യണ്‍ ഡോളര്‍ കടം വാങ്ങാന്‍ ഈട് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പ്രശ്ന പരിഹാരത്തിനായി നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ഏകദേശം 830 കോടി രൂപ വായ്പയെടുക്കാന്‍ ബൈജൂസ് ശ്രമം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഓഹരികളിറക്കി അടുത്ത മാസം നിക്ഷേപം തേടിയേക്കും. 2022ന്റെ അവസാനം വരെ ഏകദേശം 1.82ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയിരുന്ന കമ്പനിയാണ് ബൈജൂസ്.