ന്യൂഡൽഹി: അയോധ്യയിൽ ക്ഷേത്രദർശനത്തിന് വൻ ഭക്തജന തിരക്ക്. മൂന്ന് ലക്ഷം ഭക്തരാണ് ആദ്യദിനം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. തിരക്ക് വർധിക്കുന്നുണ്ടെങ്കിലും ദർശന സമയത്തിൽ മാറ്റമുണ്ടാകില്ലെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. തിരക്ക് കണക്കിലെടുത്ത് 8000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ക്ഷേത്രത്തിൽ നിയോഗിച്ചിട്ടുള്ളത്.
പുലർച്ചെ മൂന്ന് മുതൽ ഭക്തരുടെ നീണ്ട നിരയാണ് ക്ഷേത്രത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. രാവിലെ ഏഴ് മുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ ഏഴ് വരെയുമാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം. പഴങ്ങളും പാലും വഴിപാടായി ക്ഷേത്രത്തിൽ ഭക്തർക്ക് സമർപ്പിക്കാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വലിയ പൊലീസ് സന്നാഹത്തെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഭക്തർക്കായി ക്ഷേത്രം തുറന്ന് നൽകിയത്.