ഓസ്ക്കറിനുള്ള മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ ഡോക്യുമെന്ററി ടു കില്‍ എ ടൈഗര്‍ ഇടം നേടി. ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററിയാണ് ടു കില്‍ എ ടൈഗര്‍. നിഷ പഹുജയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.
ബോബി വൈൻ: ദി പീപ്പിൾസ് പ്രസിഡന്റ്, ദി എറ്റേണൽ മെമ്മറി, ഫോർ ഡോട്ടേഴ്സ്, മരിയുപോളിലെ 20 ഡേയ്സ് എന്നിവയോടാകും ഡോക്യുമെന്ററി ഫീച്ചറിനുള്ള മത്സരത്തിൽ ടു കിൽ എ ടൈഗർ മാറ്റുരക്കുക. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022-ലാണ് ഈ ചിത്രം വേൾഡ് പ്രീമിയർ ചെയ്തത്. തട്ടിക്കൊണ്ടുപോയി പിന്നീട് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട തന്റെ 13 വയസ്സുള്ള മകൾക്ക് നീതി കണ്ടെത്താനുള്ള രഞ്ജിത്തിന്റെ പോരാട്ടമാണ് സിനിമ പിന്തുടരുന്നത്. കൊർണേലിയ പ്രിൻസിപ്പും ഡേവിഡ് ഓപ്പൺഹൈമും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജ്യാന്തര സിനിമാ വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച മലയാള ചിത്രം ‘2018’ നേരത്തെ പുറത്തായിരുന്നു. ഫെബ്രുവരി 22 മുതല്‍ 27 വരെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെയാണ് വിജയികളെ നിശ്ചയിക്കുക.