ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് മൂന്നാം തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സിറിയയാണ് ഛേത്രിയെയും സംഘത്തെയും പരാജയപ്പെടുത്തിയത്. 76ാം മിനിറ്റിൽ ഉമർ മഹെർ ഖ്ർബിൻ ആണ് വിജയ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി ഒരു ഗോൾ പോലും നേടാനാകാതെയാണ് ഇന്ത്യ ഖത്തറിൽനിന്ന് മടങ്ങുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തായിരുന്ന മലയാളി താരം സഹൽ അബ്ദുൽ സമദ് 64ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോളൊന്നും നേടാനായില്ല.ആദ്യ മത്സരത്തിൽ ആസ്ത്രേലിയയോട് 2-0നും രണ്ടാം മത്സരത്തിൽ ഉസ്ബകിസ്താനോട് 3-0ത്തിനും ആണ് തോറ്റത്. മൂന്ന് മത്സരങ്ങളിൽനിന്ന് ഏഴ് പോയിൻറുമായി ആസ്ത്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്. അഞ്ച് പോയിന്റുള്ള ഉസ്ബകിസ്താൻ രണ്ടാമതെത്തി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായിട്ടാണ് ഏഷ്യൻ കപ്പിൽ സിറിയ വിജയിക്കുന്നത്.